കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകൾ സിപിഎമ്മിനും ഇടതുമുന്നണിക്കും കടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ. നിലവിൽ നിയമസഭയിൽ ഇടതുപക്ഷത്തിന് 35 എംഎൽഎമാർ മാത്രമാണുള്ളത്.
സാധാരണയായി മൂന്ന് ഒഴിവുകൾ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കുറഞ്ഞത് 36 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ഒരംഗത്തെ പോലും രാജ്യസഭയിലേക്ക് അയയ്ക്കാൻ ഇടതുപക്ഷത്തിന് പുറം പിന്തുണ തേടേണ്ട അവസ്ഥയാണുള്ളത്.
മറുവശത്ത്, ഭരണപക്ഷമായ യുഡിഎഫിന് 102 എംഎൽഎമാരുള്ളതിനാൽ മുന്നേറ്റം വ്യക്തമാണ്. അടുത്ത രണ്ട് വർഷങ്ങളിലായി (2027, 2028) നടക്കാനിരിക്കുന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് എല്ലാ സീറ്റുകളും സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നിയമസഭയിലെ ആകെ അംഗബലം ഒഴിവ് വരുന്ന സീറ്റുകളുടെ എണ്ണത്തിൽ പങ്കിട്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ട കുറഞ്ഞ വോട്ടുകൾ നിശ്ചയിക്കുന്നത്. അതനുസരിച്ച്, മൂന്ന് ഒഴിവുകൾ വരുന്ന തെരഞ്ഞെടുപ്പിൽ 36 വോട്ടും, രണ്ട് ഒഴിവുകൾ വരുമ്പോൾ 47 വോട്ടും ആവശ്യമാണ്.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ പി.വി അബ്ദുൽ വഹാബ് (മുസ്ലിം ലീഗ്) , വി. ശിവദാസൻ, ജോൺ ബ്രിട്ടാസ് എന്നിവരുടെ കാലാവധി അടുത്ത വർഷം ഏപ്രിൽ 20ന് അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ ഈ ഒഴിവുകളിൽ ഇടതുപക്ഷത്തിന് പ്രതിനിധിയെ വിജയിപ്പിക്കുന്നത് പ്രയാസകരമാണ്.
അതേസമയം, എഎ റഹിം, ജെബി മേത്തർ, പി. സന്തോഷ്‌കുമാർ എന്നിവരുടെ കാലാവധി 2028 ഏപ്രിൽ 2ന് അവസാനിക്കും. ഈ ഒഴിവുകളും ചേർന്നാൽ യുഡിഎഫിന് വലിയ രാഷ്ട്രീയ നേട്ടം ഉറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.
രാജ്യസഭാ തെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന് കനത്ത വെല്ലുവിളി; മുഴുവൻ സീറ്റുകളും യുഡിഎഫ് നേടാൻ സാധ്യത
