തിരുവല്ല: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ അംഗീകരിച്ച കോടതി, രാഹുലിന്റെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു.
രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് ജാമ്യം നിഷേധിക്കപ്പെട്ടത്. വെള്ളിയാഴ്ച അടച്ചിട്ട കോടതിയില്‍ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് വാദം കേട്ടു. എസ്‌ഐടി കസ്റ്റഡി കാലയളവില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ തുടര്‍ച്ചയായി പീഡനപരാതികള്‍ ഉയരുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും പ്രതി സഹകരിക്കുന്നില്ലെന്നും, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ട പാസ്‌വേഡുകള്‍ നല്‍കാന്‍ രാഹുല്‍ തയ്യാറായില്ലെന്നും പൊലീസ് അറിയിച്ചു. അതിജീവിതയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നിലവിലെ കേസ്. ഇതിനുമുമ്പും രാഹുലിനെതിരെ രണ്ട് പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവയില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാലക്കാട് നിന്നാണ് എസ്‌ഐടി രാഹുലിനെ അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയായെന്നാണ് അതിജീവിതയുടെ പരാതി.
