പാലക്കാട്: മൂന്നാമത്തെ ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം റീജന്‍സി ഹോട്ടലില്‍നിന്ന് ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് പ്രത്യേക പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പ് ഇമെയിലിലൂടെ ലഭിച്ച പരാതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നേരത്തെ രജിസ്റ്റര്‍ ചെയ്ത രണ്ട് ബലാത്സംഗ കേസുകളില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ പരാതിയില്‍ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പാലക്കാട്ട് എത്തിയ രാഹുലിനെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഹോട്ടലില്‍ താമസിക്കുന്ന വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 12.15ഓടെ കെപിഎം റീജന്‍സിയിലെത്തി. റൂം നമ്പര്‍ 2002ല്‍ താമസിച്ചിരുന്ന രാഹുലിനോട് പൊലീസ് കസ്റ്റഡി അറിയിച്ചതിന് പിന്നാലെ 12.30ഓടെ വാതില്‍ തുറക്കുകയായിരുന്നു.
പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. കേസ് െ്രെകംബ്രാഞ്ചിന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
പുതിയ പരാതിയില്‍ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിക്കാരിയുടെ മൊഴി.
മുന്‍പുള്ള കേസുകളില്‍ കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം ഈ പുതിയ കേസിന് ബാധകമല്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
രാഹുലിനെ തുടര്‍ നടപടികള്‍ക്കായി പാലക്കാട്ടുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായാണ് വിവരം.
മൂന്നാമത്തെ ലൈംഗികപീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പൊലീസ് കസ്റ്റഡിയില്‍
