പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു


കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍ എം എല്‍ എ പി വി അന്‍വറിനെ ഇ ഡി പകല്‍ മുഴുവന്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ പത്തര മുതല്‍ കൊച്ചി കടവന്ത്രയിലുള്ള ഇ ഡിയുടെ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ രാത്രിയോടെയാണ് അവസാനിച്ചത്. 

2015ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ വായ്പത്തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് നവംബറില്‍ അന്‍വറിന്റെ വീട്ടില്‍ ഉള്‍പ്പെട ഇ ഡി പരിശോധന നടത്തിയിരുന്നു. ഡിസംബര്‍ 31-ന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍വര്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 7-ന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

പി വി അന്‍വറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ (കെ എഫ് സി) 22.3 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. 2015ല്‍ മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരില്‍ എടുത്ത 7.5 കോടി രൂപയുടെയും പി വി ആര്‍ ഡെവലപ്പേഴ്സിന്റെ പേരില്‍ എടുത്ത 3.05 കോടി, 1.56 കോടി രൂപയുടെയും വായ്പകളിലാണ് തിരിച്ചടവ് മുടങ്ങിയത്. ഒരേ വസ്തു തന്നെ ഈടായി നല്‍കി ഒന്നിലധികം വായ്പകള്‍ കൈപ്പറ്റിയതായി കെ എഫ് സി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ ഡി നടത്തിയ അന്വേഷണത്തില്‍ അന്‍വറിന്റെ സ്ഥാപനങ്ങളില്‍ 2016-ല്‍ 14.38 കോടി രൂപയായിരുന്ന ആസ്തി മൂല്യം 2021 ആയപ്പോഴേക്കും 64.14 കോടിയായി ഉയര്‍ന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളപ്പിച്ചത്.