സംവിധായികയുടെ പരാതി: സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

സംവിധായികയുടെ പരാതി: സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു


തിരുവനന്തപുരം: സംവിധായിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസില്‍ ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഏഴ് ദിവസത്തിനകം ഹാജരാകണമെന്ന നിബന്ധനയോടെ തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളെന്ന നിലയിലാണ് കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഒരു ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ച് സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.