പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; 30,000 ഉദ്യോ​ഗാർത്ഥികൾക്ക് ആശ്വാസം

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; 30,000 ഉദ്യോ​ഗാർത്ഥികൾക്ക് ആശ്വാസം


തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സർക്കാർ ശുപാർശ പി.എസ്.സി ബോർഡ് അം​ഗീകരിച്ചു. 2026 മേയ് 25നും ഓ​ഗസ്റ്റ് 31നും ഇടയിൽ കാലാവധി അവസാനിക്കുന്ന 289 റാങ്ക് ലിസ്റ്റുകളുടെ സമയ പരിധിയാണ് നവംബർ 30 വരെ നീട്ടിയത്. വി.ഡി‌.സതീശൻ മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭായോ​ഗത്തിന്റെ തീരുമാനം അം​ഗീകരിച്ച് പി.എസ്.സി തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കി. 30,845 ഉദ്യോ​ഗാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

നിയമന നിരോധനം പോലെയുള്ള സാഹചര്യങ്ങളിലാണ് സാധാരണ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിനൽകാറുള്ളത്. കോവിഡ്, ലോക്ഡൗൺ കാലത്ത് സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നിരുന്നപ്പോൾ പിണറായി വിജയൻ സർക്കാർ മുമ്പ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിനൽകിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പല സർക്കാർ വകുപ്പുകളും തയ്യാറാകാത്തതും കോളേജ് അദ്ധ്യാപകർ ഉൾപ്പെടെയുള്ള ചില റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്താത്തും ചൂണ്ടിക്കാട്ടി ഉദ്യോ​ഗാർത്ഥികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വി.ഡി.സതീശൻ സർക്കാർ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ശുപാർശ ചെയ്തത്.