തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന രണ്ട് പ്രധാന നിർദ്ദേശങ്ങളും അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
മദ്യവും മയക്കുമരുന്നും വലിയ വിപത്തായി മാറിയിരിക്കുന്ന സാഹചര്യത്തിൽ കേരളത്തെ ലഹരിമുക്തമാക്കുമെന്നതാണ് യുഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യം. വീര്യം കുറഞ്ഞ മദ്യം എന്ന പേരിൽ പുതിയ വ്യാപനത്തിനുള്ള നീക്കം ഈ ലക്ഷ്യത്തിന് വിരുദ്ധവും ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണ്. ഇക്കാര്യത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച സുധീരൻ, ജനപക്ഷ മദ്യനയം രൂപീകരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു.
വി എം സുധീരന്റെ കത്ത്
മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ നൂതനവും ഭാവനാസമ്പന്നവുമായ പല പദ്ധതികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ടെങ്കിലും ചില ബജറ്റ് നിർദ്ദേശങ്ങളെക്കുറിച്ച് എനിക്കുള്ള വിയോജിപ്പും എതിർപ്പും അന്നേദിവസം തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നല്ലോ. അതിന്റെ തുടർച്ചയാണ് ഇവിടെ കുറിക്കുന്നത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ വ്യാപനം കേരളത്തിൽ അതിഗുരുതരമായ വിപത്തായ സാഹചര്യത്തിൽ കേരളത്തെ ഈ മാരക വിപത്തിൽനിന്നും മുക്തമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ശക്തവും ഫലപ്രദവുമായ നയങ്ങളും കർമ്മപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾക്ക് നിരക്കാത്ത ഒരു നിർദ്ദേശവും പ്രത്യക്ഷമായോ പരോക്ഷമായോ ബജറ്റിൽ ഉണ്ടാകാൻ പാടില്ലാത്തതാണല്ലോ. എന്നാൽ ആ വാഗ്ദാനത്തിന് വിരുദ്ധമായി മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിർദ്ദേശം ബജറ്റിൽ വന്നത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്കുതന്നെ നിരക്കാത്തതാണ്, ജനങ്ങളോടുള്ള വാഗ്ദാന ലംഘനവുമാണ്. വീര്യം കുറഞ്ഞതെന്ന പേരിൽ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപൽക്കരമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതുകൊണ്ട് യു ഡി എഫിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് നേരെ വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിർദ്ദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുത്. അത് പിൻവലിച്ചേ മതിയാകൂ. പിണറായി സർക്കാരിന്റെ ദുർനയത്തിന്റെ ഫലമായി നാടിനുണ്ടായിക്കൊണ്ടിരിക്കുന്ന കെടുതികളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് ഫലപ്രദമായ ജനപക്ഷ മദ്യനയത്തിന് എത്രയും പെട്ടെന്ന് രൂപം നൽകേണ്ടിയിരിക്കുന്നു. ഇതേക്കുറിച്ച് 01.06.2026 ൽ ഞാൻ അയച്ച കത്തും ആശയവിനിമയവും ഓർക്കുമല്ലോ. ശക്തമായി വിയോജിക്കുകയും എതിർക്കുകയും ചെയ്യുന്ന മറ്റൊന്ന് ധാതുമണൽ മേഖലയിലേയ്ക്ക് സ്വകാര്യ നിക്ഷേപത്തിന് കളമൊരുക്കുന്ന ബജറ്റ് നിർദ്ദേശമാണ്. ബജറ്റിൽ ഇക്കാര്യം വന്നതോടെ ആലപ്പുഴയിലെ തീരദേശ ജനത വളരെയേറെ ആശങ്കയിലായിരിക്കുകയാണ്. ആലപ്പുഴ തീരദേശത്തെ സർവ്വനാശത്തിലേയ്‌ക്കെത്തിക്കുന്ന സ്വകാര്യ കരിമണൽ കമ്പനിയുടെ എല്ലാവിധ നീക്കങ്ങൾക്കും അക്കാലത്തെ യു.ഡി.എഫ്. സർക്കാർ നൽകിയ അനുമതി ജനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ജനവികാരം മാനിച്ചുകൊണ്ട് പിൻവലിക്കപ്പെട്ടത് ഇന്നും സജീവ സ്മരണയായി നമ്മുടെയെല്ലാം മനസ്സിലുണ്ടല്ലോ. ഒരു മേഖലയിലും കരിമണൽ ഖനനം പാടില്ലെന്ന ആവശ്യത്തെ മുൻനിർത്തി തീരദേശ ജനത നടത്തിയ സമരമുന്നേറ്റവും 2003 ജൂൺ 16ന് വലിയഅഴിക്കൽ മുതൽ ആലപ്പുഴ വരെ നടത്തിയ മനുഷ്യക്കോട്ടയെയും തുടർന്നാണ് അന്നത്തെ സർക്കാർ അതെല്ലാം പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട സമരങ്ങളിലെല്ലാം പങ്കാളിയായ സി പി എം നേതൃത്വം നൽകുന്ന പിണറായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ മറയിൽ തോട്ടപ്പള്ളിയിൽ ആരംഭിച്ച കരിമണൽ ഖനനത്തിനെതിരെ തീരദേശ ജനത സമരരംഗത്താണല്ലോ. അടുത്തിടെയുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒരു വിദഗ്ദ്ധ സമിതിയുടെ നേതൃത്വത്തിൽ സമഗ്രമായ പഠനത്തിനുശേഷമേ ഖനന നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന നിർദ്ദേശത്തെത്തുടർന്ന് ഖനനം ഇപ്പോൾ നിർത്തിവെക്കപ്പെട്ടിരിക്കുകയാണ്.
കോടതി നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട പ്രസ്തുത കമ്മിറ്റി കരിമണൽ ലോബിയുടെ താൽപര്യത്തെ മുൻനിർത്തിയാണെന്ന് വ്യാപകമായ ജന പ്രതിഷേധം ഉയർന്നുവന്നിരിക്കുയാണ്. അതുകൊണ്ട് തീരദേശ ജനതയുടെ താൽപര്യം കണക്കിലെടുത്ത് അർഹതയുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ച് പ്രസ്തുത കമ്മിറ്റി പുനസംഘടിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യം അറിയിച്ചുകൊണ്ട് ഞാൻ എഴുതിയ 01.06.2026 ലെ കത്തും തുടർന്നുള്ള ആശയവിനിമയവും ശ്രദ്ധയിലുണ്ടല്ലോ. കുട്ടനാട്ടിലെ പ്രളയക്കെടുതികൾക്ക് പരിഹാരമുണ്ടാക്കാനെന്ന വ്യാജേന പൊതുമേഖലാ സ്ഥാപനങ്ങളെ കരുവാക്കി തോട്ടപ്പള്ളിയിൽ നടത്തിയ കരിമണൽ ഖനനം അനുവദിച്ചുകൊണ്ടുള്ള സർവ്വ ഉത്തരവുകളും റദ്ദാക്കേണ്ടതാണ്. ഇക്കാര്യവും ഞാൻ അയച്ച കത്തിൽ ഉന്നയിച്ചിരുന്നു. കുട്ടനാടിന്റെ രക്ഷയ്ക്കായി അനിവാര്യമായി ചെയ്യേണ്ടതായ ഒരൊറ്റ കാര്യവും ചെയ്യാതെ കുട്ടനാട്ടിലെയും തീരദേശത്തെയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് പിണറായി സർക്കാർ നടത്തിയ തോട്ടപ്പള്ളിയിലെ ഖനനം സ്വകാര്യ കരിമണൽ ലോബിയുടെ താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത് ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണൽ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിർദ്ദേശവും പിൻവലിക്കേണ്ടിയിരിക്കുന്നു. കരിമണൽ കർത്താക്കന്മാർക്ക് ആലപ്പുഴ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും ജനങ്ങൾ വളരെയേറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ സർക്കാരിൽ നിന്നും ഉണ്ടാകരുതെന്നാണ് എന്റെ അഭ്യർത്ഥന.
ബജറ്റിലെ മദ്യവ്യാപനവും കരിമണൽ ഖനനവും പിൻവലിക്കണമെന്ന് വി.എം സുധീരൻ
