അഴിമതി വീഡിയോയിൽ പകർത്തി നൽകിയാൽ 5000 രൂപ സമ്മാനം, രഹസ്യ വിവരങ്ങൾ പുറത്തുവിടില്ല; ഓഫറുമായി മന്ത്രി രമേശ് ചെന്നിത്തല

അഴിമതി വീഡിയോയിൽ പകർത്തി നൽകിയാൽ 5000 രൂപ സമ്മാനം, രഹസ്യ വിവരങ്ങൾ പുറത്തുവിടില്ല; ഓഫറുമായി മന്ത്രി രമേശ് ചെന്നിത്തല


തിരുവനന്തപുരം: കൈക്കൂലിക്കാരും അഴിമതിക്കാരും ഒന്ന് കരുതിയിരുന്നോ. നിങ്ങളുടെ തലയ്ക്ക് മുകളിലും പിന്നിലുമെന്നല്ല, മേശയ്ക്ക് അടിയിലും പുറത്തുമെല്ലാം ക്യാമറ കണ്ണുകൾ മിഴിചിമ്മാതെയിരിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്റെ ഓഫീസിൽ കയറി വീഡിയോ എടുക്കാൻ ആരാടാ അധികാരം തന്നത് എന്ന ചോദ്യവും വിലപ്പോവില്ല. കാരണം കൈക്കൂലിക്കാരുടെയും അഴിമതിക്കാരുടെയുമൊക്കെ വീഡിയോ പകർത്തി നൽകാൻ പൊതുജനങ്ങളോട് പറഞ്ഞിരിക്കുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. 5000 രൂപ സമ്മാനമായും നൽകും. 

കേരളത്തെ അഴിമതി മുക്തമാക്കാൻ 'പ്രോജക്‌ട്‌ സീറോ' എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെ 'ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്‌' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. വിജിൻസ്‌ ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.  

പൊതുജന പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം സൃഷ്ടിക്കുകയാണ് ‘പ്രോജക്‌ട്‌ സീറോ’ എന്ന കർമ്മ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. തെളിവുകൾ പരിശോധിച്ച് ശരിവെച്ചാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നൽകും. അപ്‌ലോഡ് ചെയ്യുന്ന വീഡിയോ തെളിവുകൾ വിജിലൻസ് അധികൃതർ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും ഈ സമ്മാനത്തുക കൈമാറുന്നത്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല.

അഴിമതി നടന്നിട്ട്‌ അത്‌ കണ്ടെത്തുന്നതിനെക്കാൾ അത്തരം സംഭവങ്ങളുണ്ടാകാതെ തടയുന്നതിനാവും മുൻഗണന നൽകുക. 1969ൽ നിർമ്മിച്ച വിജിലൻസ്‌ മാന്വൽ കാലോചിതമായി പരിഷ്‌കരിക്കും. വിജിലൻസ്‌ നടത്തുന്ന മിന്നൽ പരിശോധനകൾ തുടരുമെന്നും മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. ചടങ്ങിൽ പ്രോജക്‌ട്‌ സീറോയുടെ ലോഗോ പ്രകാശനം വിജിലൻസ്‌ ഡയറക്‌ടർ മനോജ്‌ എബ്രഹാമിന്‌ നൽകി മന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു. ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്‌ടാവ്‌ മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ, ഐ.ജി തോംസൺ ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.