മഴ പെയ്തിട്ടും അണക്കെട്ടിൽ വെള്ളമില്ല; വരുന്നത് കടുത്ത ഊർജ പ്രതിസന്ധി, വൈദ്യുതി നിയന്ത്രണം നീളും

മഴ പെയ്തിട്ടും അണക്കെട്ടിൽ വെള്ളമില്ല; വരുന്നത് കടുത്ത ഊർജ പ്രതിസന്ധി, വൈദ്യുതി നിയന്ത്രണം നീളും


ഇടുക്കി: സംസ്ഥാനത്ത് കാലവർഷം പെയ്‌ത് തിമിർക്കേണ്ട സമയത്തും പ്രധാന അണക്കെട്ടുകൾ വറ്റിവരളുന്നതോടെ കേരളം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കെഎസ്ഇബി പ്രഖ്യാപിച്ച സമയപരിധി ലംഘിച്ച് പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് ജനരോഷം ഇരട്ടിയാക്കുന്നുണ്ട്. പ്രത്യേകിച്ച് ലോകകപ്പ് ഫുട്ബോൾ ആവേശം കൊടുമുടിയിൽ നിൽക്കുന്ന ഈ സമയത്ത്. അതേസമയം, പ്രതീക്ഷിക്കാതെ ഉണ്ടായ പ്രതിഭാസം കൂടിയായതോടെ വൈദ്യുതി നിയന്ത്രണം നീളുമെന്നാണ് സൂചന. 

വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് പരമാവധി 15 മിനിറ്റ് മാത്രമായിരിക്കും വൈദ്യുതി നിയന്ത്രണമെന്നായിരുന്നു കെഎസ്ഇബിയുടെ ഔദ്യോഗിക അറിയിപ്പ്. എന്നാൽ നിലവിൽ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും ഇതിലും കൂടുതൽ സമയം വൈദ്യുതി തടസപ്പെടുന്നതായി വ്യാപക പരാതിയാണ് ഉയരുന്നത്. പീക്ക് അവറുകൾക്ക് മുമ്പും ശേഷവുമൊക്കെ പല തവണ വൈദ്യുതി മുടങ്ങുന്നത് ബോധപൂർവമുള്ള ലോഡ് ഷെഡിങ്ങിൻ്റെ ഭാഗമാണെന്നാണ് ലഭിക്കുന്ന സൂചനകൾ. പവർ റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്ക് നൽകിയ റിപ്പോർട്ടുകൾ പ്രകാരം കടുത്ത നിയന്ത്രണങ്ങളിലൂടെ കഴിഞ്ഞയാഴ്‌ച മാത്രം 622 മെഗാവാട്ട് വരെയുളള വൈദ്യുതി ആവശ്യകതയാണ് ബോധപൂർവ്വം കുറച്ചത്. ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്ന സമയങ്ങളിലെ ഈ കറൻ്റ് കട്ട് ജനങ്ങളെ കെഎസ്ഇബിക്കെതിരെ തിരിക്കുകയാണ്.

കഴിഞ്ഞ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫുട്ബോൾ ലോകകപ്പ് മത്സരം കാണാൻ രാത്രി വൈകിയും ആളുകൾ ഉണർന്നിരിക്കുന്നതിനാൽ രാത്രിയിൽ വൈദ്യുതി ഉപഭോഗം കൂടുതലാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 ശതമാനം വെള്ളം ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ മിക്ക വലിയ ഡാമുകളിലും ശരാശരി സംഭരണ നില 25 ശതമാനത്തിൽ താഴെയാണ്. ഇതിന് മുമ്പ് 2002 ലാണ് കേരളം സമാനമായ രീതിയിൽ കടുത്ത കാലവർഷക്കെടുതിയും ഡാമുകളിലെ ജലക്ഷാമവും മൂലം ഊർജ്ജ പ്രതിസന്ധി നേരിട്ടത്. ചെറിയ ഡാമുകളിൽ നിലവിൽ നേരിയ തോതിൽ വെള്ളമുണ്ടെങ്കിലും വലിയ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്ന പ്രധാന അണക്കെട്ടുകൾ വറ്റിവരണ്ട് കിടക്കുന്നത് വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.

കാലവർഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ക്യാച്ച്മെൻ്റ് ഏരിയകളിൽ (അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശം) ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ലോറേഞ്ച് മേഖലകളിൽ പെയ്യുന്ന മഴയുടെ പകുതി പോലും ഹൈറേഞ്ചിൽ ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം. എൽനിനോ പ്രതിഭാസം കാരണം ജൂലൈയിലും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.