വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ വാകയില്‍ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമെന്ന് ലിയോ പോപ്

വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ വാകയില്‍ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമെന്ന് ലിയോ പോപ്


വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ ജീവിതം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമാണെന്ന് ലിയോ പതിനാലാമന്‍ പാപ്പാ. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചതിന്റെ അവസാനം, ഇറ്റാലിയന്‍ ഭാഷയില്‍ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ, മലയാളികള്‍ക്ക്, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് അഭിമാനവും സന്തോഷവും നല്‍കുന്ന ഈ പ്രത്യേക പരാമര്‍ശം നടത്തിയത്.

'ഇന്ത്യയിലെ കേരള സംസ്ഥാനത്ത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മദര്‍ ഏലീശ്വാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടുവെന്ന്' പറഞ്ഞ പാപ്പാ, മദര്‍ ഏലിശ്വയാണ് നിഷ്പാദുക കര്‍മ്മലീത്ത മൂന്നാം സഭയുടെ (TOCD), സ്ഥാപകയെന്നത് അനുസ്മരിച്ചു.

പാവപ്പെട്ട പെണ്‍കുട്ടികളുടെ വിമോചനത്തിനുവേണ്ടിയുള്ള മദര്‍ ഏലീശ്വായുടെ സധൈര്യമുള്ള പ്രതിബദ്ധത, സഭയിലും സമൂഹത്തിലും സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പ്രചോദനകരമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

നവംബര്‍ 8 ശനിയാഴ്ച വൈകുന്നേരം നാലരയ്ക്ക് വല്ലാര്‍പാടം ബസലിക്കയില്‍ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളെന്ന് പ്രഖ്യാപിച്ച ചടങ്ങില്‍, മലേഷ്യയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്, ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധിയെന്ന നിലയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചിരുന്നു.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും, പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബോര്‍ഡിംഗ് സ്‌കൂള്‍ ആരംഭിക്കുകയും ചെയ്ത മദര്‍ ഏലിശ്വ, കേരളത്തില്‍ സ്ത്രീ നവോത്ഥാനത്തിനായി പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്.