തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതിയിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിങ് രേഖപ്പെടുത്തുന്നു. ഉച്ചയോടെ തന്നെ 40 ശതമാനം വോട്ടെടുപ്പ് പിന്നിട്ടത് ശ്രദ്ധേയമാണ്. നിലവിലെ പ്രവണത അനുസരിച്ച് ഇത്തവണ പോളിങ് 80 ശതമാനം കടക്കാമെന്ന സൂചന ശക്തമാകുന്നു.
എറണാകുളത്ത് കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോൾ തെക്കൻ ജില്ലകളിലാണ് കൂടുതൽ സജീവത കണ്ടത്. അതേസമയം കണ്ണൂരിൽ താരതമ്യേന പോളിങ് കുറവാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ തന്നെ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടത് ഉയർന്ന പോളിങ് ശതമാനത്തിനുള്ള സാധ്യത വർധിപ്പിച്ചു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 23 ദിവസത്തെ ശക്തമായ പ്രചാരണത്തിന് ശേഷം 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരോടൊപ്പം നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബൻ എന്നിവരും വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട ചെറിയ സംഭവങ്ങൾ ഒഴിച്ചാൽ സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവേ സമാധാനപരമായാണ് മുന്നേറുന്നത്.
ഉച്ചയോടെ 40% പിന്നിട്ട് പോളിങ്; 80% കടക്കുമെന്ന് പ്രതീക്ഷ
