തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ വസതിയിലും മറ്റും റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ സി.പി.എമ്മുകാർക്ക് പിന്നാലെ പോലീസ്. സംഭവത്തിന് പിന്നാലെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പോലീസെത്തിയെങ്കിലും മുതിർന്ന നേതാക്കൾ അടക്കമുള്ളവർ സമ്മതിച്ചില്ല. തുടർന്ന് പോലീസ് സന്നാഹം ശക്തമാക്കുകയും കൂടുതൽ സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തുകയും ചെയ്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ഇ.ഡി ഉദ്യോഗസ്ഥരുട വാഹനം ആക്രമിച്ച സി.പി.എം പ്രവർത്തകരെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. എന്നാൽ, പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന് മുൻമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള നേതാക്കൾ വ്യക്തമാക്കി. പോലീസ് തിരിച്ചറിഞ്ഞ 10 പ്രതികൾ ഓഫീസിലുണ്ടെന്നും അറസ്റ്റ് ചെയ്യാതെ മറ്റ് വഴികളില്ലെന്നുമാണ് പോലീസ് അറിയിച്ചത്.
സംഘർഷാവസ്ഥ രൂക്ഷമായതോടെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സി.പി.എം നേതാക്കൾക്ക് പോലീസ് കൈമാറി. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പോലീസ് കൈമാറിയത്. ഇതോടെ, പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന നിലപാടിലാണ് സി.പി.എം നേതാക്കൾ. പോലീസ് പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ പ്രതികളെ സ്ഥലത്തുനിന്ന് മാറ്റാനാണ് നേതാക്കളുടെ ശ്രമമെന്ന് പൊലീസ് പറയുന്നു.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്ക് പിന്നാലെ പോലീസ്, വിട്ടുകൊടുക്കാതെ സി.പി.എം; പാളയത്ത് വീണ്ടും സംഘർഷാവസ്ഥ
