സമര പന്തല്‍ പൊലീസ് പൊളിച്ചു, രാത്രിക്ക് രാത്രി പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ; കരഞ്ഞ മുഖ്യമന്ത്രി എവിടെയെന്ന് പിണറായി, എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരം ആളിക്കത്തുന്നു

സമര പന്തല്‍ പൊലീസ് പൊളിച്ചു, രാത്രിക്ക് രാത്രി പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ; കരഞ്ഞ മുഖ്യമന്ത്രി എവിടെയെന്ന് പിണറായി, എൽപിഎസ്‌ടി ഉദ്യോഗാർഥികളുടെ സമരം ആളിക്കത്തുന്നു


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരം പുതിയ തലത്തിലേക്ക്. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ മണിക്കൂറുകൾക്കുള്ളിൽ, രാത്രിക്ക് രാത്രി തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പുനഃസ്ഥാപിച്ചു. മുൻപ് പന്തൽ നിന്നിരുന്ന അതേ സ്ഥലത്ത് തന്നെ താത്കാലികമായി ടാർപോളിൻ വലിച്ചുകെട്ടിയാണ് പുതിയ സമരപ്പന്തൽ നിർമിച്ചത്. യുവമോർച്ച കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സെക്രട്ടേറിയറ്റ് നടയിലെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്.

നിരാഹാര സമരം അനുഷ്ഠിക്കുന്ന സമരസമിതി കൺവീനർ വർളർമതിയെ പൊലീസ് ഇടപെട്ട് രണ്ടുതവണ സമര പന്തലിൽ നിന്നും നീക്കിയെങ്കിലും അവർ വീണ്ടുമെത്തി. ഇടതുപക്ഷ യുവജന സംഘടനകളായ എസ്എഫ്‌ഐയും എഐവൈഎഫും ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയും സമരത്തെ പിന്തുണച്ച് രംഗത്തുണ്ട്. ഉദ്യോഗാർത്ഥികൾ അംഗീകരിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം സർക്കാർ അംഗീകരിച്ചെങ്കിലും അതിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയില്ലെന്ന പരാതിയുമാണ് സമരം തുടരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് ആളിക്കത്തിയ ആശ വര്‍ക്കര്‍മാരുടെ സമരത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് എല്‍പിഎസ്‌ടി സമരവും പുരോമഗിക്കുന്നത്. ഇത് രാഷ്ട്രീയമായ മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

സമരത്തിന് നേതൃത്വം നൽകിയിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ, ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചു. റാങ്ക് ലിസ്റ്റിലെ 10 മുതൽ 15 വരെയുള്ള ഉദ്യോഗാർഥികളാണ് നിലവിൽ സമരരംഗത്ത് സജീവമായുള്ളത്. "നിയമന ഉത്തരവ് ലഭിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. സമരപ്പന്തൽ പൊളിച്ചും നേതാക്കളെ അറസ്റ്റ് ചെയ്തും ഞങ്ങളുടെ പ്രതിഷേധത്തെ തകർക്കാമെന്ന് കരുതേണ്ട. റാങ്ക് ലിസ്റ്റിലുള്ള അർഹരായ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരും." - ജയകൃഷ്ണൻ പ്രതികരിച്ചു. രാത്രിയിൽ സമരപ്പന്തൽ പുനഃസ്ഥാപിക്കാൻ വൻതോതിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. സമരക്കാർക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് സിപിഎം നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു എന്നിവരും സമരപ്പന്തലിലെത്തി.

പ്രതിഷേധം കടുപ്പിക്കാൻ ഡിവൈഎഫ്ഐയും യുവമോർച്ചയും

ദിവസങ്ങളായി തുടരുന്ന സമര പന്തൽ കഴിഞ്ഞ ദിവസം രാത്രി പൊലീസെത്തി പൊളിച്ചു മാറ്റിയെങ്കിലും ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി രാത്രി തന്നെ പുനഃസ്ഥാപിച്ചിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ നടവഴി കൈയേറി പന്തൽ കെട്ടുന്നതിനതിരെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. നിരാഹാര സമരം ചെയ്യുന്ന വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കാസർകോട് സ്വദേശി എം. ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുക്കുകയും ചെയ്തു. പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ഐക്യദാർഢ്യം പ്രകടിപ്പിച്ചും സർക്കാർ പൊലീസ് നടപടികളിൽ പ്രതിഷേധിച്ചും പ്രകടനങ്ങൾ നടന്നു. ഇടത് വിദ്യാർഥി യുവജന സംഘടനകൾക്ക് പുറമെ യുവമോർച്ചയും എബിവിപിയും പ്രതിഷേധം ഏറ്റെടുത്തു. അതിനിടെയാണ് വളർമതി വീണ്ടും സമരത്തിനെത്തിയത്.

 "ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പമാണ് ഡിവൈഎഫ്‌ഐ. സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി അംഗീകരിക്കാനാവില്ല. ഉദ്യോഗാർഥികൾക്ക് പൂർണ പിന്തുണ നൽകുന്നതിൻ്റെ ഭാഗമായാണ് രാത്രി തന്നെ പന്തൽ പുനഃസ്ഥാപിച്ചത്. വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും." -ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു. "സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അന്യായമായി അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. വളർമതി ജയിൽ മോചിതയായി തിരിച്ചെത്തുന്നത് വരെ യുവമോർച്ച പ്രവർത്തകർ സമരപ്പന്തലിൽ തന്നെ തുടരും. ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം ശക്തമാക്കും." - യുവമോർച്ച നേതാക്കൾ അറിയിച്ചു.

സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും പന്തലിലെത്തിയ വളർമതി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, തങ്ങൾ ആവശ്യപ്പെട്ട കാര്യം പോലും ചെയ്തു തരാൻ സർക്കാർ തയാറാവുന്നില്ലെന്ന് വളർമതി  പറഞ്ഞു. ഉദ്യോഗാർഥികളെ പറഞ്ഞു പറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തുടരും. ആരോഗ്യാവസ്ഥ മോശമായ തന്നെയാണ് ബലം പ്രയോഗിച്ച് പൊലീസ് കൊണ്ടുപോയത്. ജനറൽ ആശുപത്രിയിലെത്തിച്ചശേഷം തുടർ ചികിത്സയും അനുവദിച്ചില്ല. രക്തവും ബിപിയും പോലും പരിശോധിച്ചില്ല. തന്നെ സമരകേന്ദ്രത്തിൽ നിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് നടത്തിയ മാർച്ച് സംഘർഷാവസ്ഥയിലായതിനെത്തുടർത്ത് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പൊലീസിൻ്റെ വിശദീകരണം

ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടിയെടുത്തതെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ വിശദീകരണം. സ്ഥിരം പന്തലാണ് നീക്കം ചെയ്തതെന്നും താത്കാലിക പന്തൽ പൊളിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, രാത്രിയിൽ സമരപ്പന്തൽ പുനഃസ്ഥാപിക്കുന്ന സമയത്ത് പൊലീസ് സ്ഥലത്തെത്തിയെങ്കിലും, മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ പിന്തിരിപ്പിക്കുകയായിരുന്നു. "ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് റോഡരികിലെ സ്ഥിരം പന്തൽ നീക്കം ചെയ്തത്. താത്കാലിക പന്തലുകൾ പൊളിച്ചിട്ടില്ല. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് രാത്രിയിൽ പൊലീസ് സ്ഥലത്തെത്തിയത്." - തിരുവനന്തപുരം സിറ്റി പൊലീസ് പറഞ്ഞു.

വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്‌ണുതയാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമര്‍ശിച്ചു. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സർക്കാർ തുടരുകയാണ്.

വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്? സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡൽഹിയിൽ നരേന്ദ്ര മോദിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നു വരണം.

എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാരുടെ പേരിൽ നടത്തിയ സമരത്തെ തകർക്കുന്നതിന് വേണ്ടി പന്തൽ പൊളിക്കുന്നതിന് ആരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂർ വച്ച് പോയി അഭിവാദ്യം ചെയ്തു സർക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോൾ എൽപിഎസ്‌ടി സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി എത്തിയതെന്നും പിണറായി വിമര്‍ശിച്ചു.