തിരുവനന്തപുരം: പ്രശസ്ത കവിയും സാഹിത്യകാരനുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നുള്ള അന്ത്യം. സാഹിത്യ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2022ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പ്രമുഖ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അസ്ത്രമാല്യം, ഹംസധ്വനി, അപൂര്‍ണതയുടെ സൗന്ദര്യം, നാറാണത്തു കവിത, കുറുംകവിത, ഭൂപാളം, നിശാഗന്ധി, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമസുന്ദരം, ആയര്‍കുലത്തിലെ വെണ്ണ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കാവ്യസമാഹാരങ്ങളാണ്. കവിയും കവിതയും, വൃത്തപഠനം, കാവ്യബിംബം, ഭാഷാവൃത്തപഠനം, തനതുകവിത, തനതുനാടകം, കവിതയിലെ റിയലിസം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നിരൂപണ ഗ്രന്ഥങ്ങള്‍
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1934 സെപ്റ്റംബര്‍ 5നാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. ബിരുദവും ബി.എഡും പാസ്സായ നാരായണക്കുറുപ്പ് 1956ല്‍ അധ്യാപകനായാണ് ജോലിയില്‍ പ്രവേശിച്ചത്.1957ല്‍ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സര്‍വീസിലും തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ എഡിറ്ററായും റിസര്‍ച്ച് ഓഫീസറായും സേവനമനുഷ്ഠിച്ചു. കൂടാതെ വിശ്വവിജ്ഞാനകോശം, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയില്‍ ഗസ്റ്റ് എഡിറ്ററായും, ആഗ്രയിലെ സംസ്‌കാര്‍ ഭാരതിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു
മലയാള കവിതയിലും സാഹിത്യ നിരൂപണത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പദ്മശ്രീ പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി.
നാടകം, സംഗീതം, തത്വചിന്ത തുടങ്ങിയ മേഖലകളിലും അദ്ദേഹം വിലപ്പെട്ട സംഭാവന നല്‍കിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബാംഗങ്ങളേയും ഉറ്റവരേയും അനുശോചനം അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രശസ്ത കവി പദ്മശ്രീ പി. നാരായണക്കുറുപ്പ് അന്തരിച്ചു
