തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ ആരവങ്ങളോ ഔദ്യോഗിക സ്വീകരണങ്ങളോ ഇല്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് എത്തി. വോട്ടെണ്ണലിനായി കണ്ണൂരിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 11.20ഓടെയാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്.
എകെജി സെന്ററിൽ നിന്നുള്ള വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. ഭാര്യയും മകളും പേരക്കുട്ടിയും കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച സാഹചര്യത്തിൽ ഉടൻ തന്നെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുമെന്നാണ് സൂചന.
വിമാനത്താവളത്തിന് പുറത്തേക്ക് വരുന്നതിനിടെ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും, തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. സമീപത്തുണ്ടായിരുന്നവരോട് കൈവീശി അഭിവാദ്യം ചെയ്തതല്ലാതെ സംസാരിക്കാൻ തയ്യാറായില്ല.
2016 മേയ് മാസത്തിലാണ് പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായത്. തുടർച്ചയായി ഏകദേശം ഒരു പതിറ്റാണ്ട് കേരളത്തെ നയിച്ച അദ്ദേഹം 2026 മേയിൽ പടിയിറങ്ങുകയാണ്. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ കാലഘട്ടം ശ്രദ്ധേയമായി.
ഇതിനിടെ, പാർട്ടിക്ക് നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിലും പാർട്ടി അണികളിലുമുള്ള പ്രതികരണങ്ങൾക്ക് കടുപ്പമേറുകയാണ്.
മുമ്പ് 67 സീറ്റുകൾ നേടിയിരുന്ന സിപിഎം ഇത്തവണ വെറും 26 സീറ്റുകളിൽ ഒതുങ്ങിയത് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. നേതൃത്വത്തിന്റെ പ്രവർത്തനശൈലിയെ കുറിച്ചുള്ള വിമർശനങ്ങളും വ്യാപകമായി ഉയരുന്നുണ്ട്. അതിനിടയിൽ പിണറായി വിജയന്റെ രാജി സ്വീകരിച്ചതായി ഗവർണർ രാധാകൃഷ്ണ ആർലേക്കർ അറിയിച്ചു. പ്രത്യേക ഗസ്റ്റ് വിജ്ഞാപനത്തിലൂടെയാണ് പിണറായി വിജയൻ മന്ത്രിസഭയുടെ രാജി ഗവർണർ അംഗീകരിച്ചതായി അറിയിച്ചത്. പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്നതുവരെ സംസ്ഥാന ഭരണം തുടരണമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു.
ആളും ആരവവും ഇല്ലാതെ പിണറായി തലസ്ഥാനത്ത് ; മാധ്യമങ്ങൾക്കുമുന്നിലും നിശ്ശബ്ദൻ
