തിരുവനന്തപുരം: കോക്റോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കൂട്ടായ്മ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി വളരുമോ എന്ന ആശങ്കയും ഭയവുമാണ് ബി.ജെ.പിക്കുള്ളത്. പാർട്ടിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വലിയ ജനശ്രദ്ധയും സ്വീകാര്യതയും ചുരുങ്ങിയ കാലം കൊണ്ട് ഈ പ്ലാറ്റ്‌ഫോമിന് ലഭിച്ചതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
തൊഴിലില്ലായ്മയും അവഗണനയും നേരിടുന്ന യുവജനങ്ങൾ ഈ പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തോടുള്ള അസന്തുഷ്ടിയുടെ പ്രതിഫലനമാണ്. ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരെയുള്ള പ്രതികരണം കേവലം താൽക്കാലികമല്ലെന്നും ചൂഷണ വ്യവസ്ഥിതിക്കെതിരായ ശക്തമായ രാഷ്ട്രീയ വികാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുവജന മുന്നേറ്റം വ്യാപിക്കുമെന്ന ഭയം മൂലമാണ് ഭരണകൂടം ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നടപടിയെ ശക്തമായി അപലപിക്കുന്നതായും അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.
കോക്റോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ചത് അസഹിഷ്ണുത: പിണറായി വിജയൻ
