എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം, വൃദ്ധസദനത്തിൻറെ അംഗീകാരം റദ്ദാക്കിയേക്കും

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം, വൃദ്ധസദനത്തിൻറെ അംഗീകാരം റദ്ദാക്കിയേക്കും


പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ വൃദ്ധസദനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ വൃദ്ധസദനത്തിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. ജില്ലാ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതേസമയം, എലോഹിം വർഷിപ്പ് സെന്ററിന്റെ പ്രധാന ചുമതലക്കാരനായ പാസ്റ്റർ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓമല്ലൂർ സെന്ററിന് മുമ്പിൽ ബി.ജെ.പി നടത്തിയ പ്രതിഷേധം സംഘർഷത്തിലെത്തി. 

പ്രാർത്ഥനയ്ക്കായി എത്തിയ ആളുകളും സ്ഥലത്തെത്തിയതോടെ വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം നടപ്പിലാക്കണമെന്നും എലോഹി സെൻ്റർ തുറന്നുനൽകണമെന്നുമാണ് ആളുകളുടെ ആവശ്യം. ഇതോടെ പൊലീസ് സ്ഥലത്തെത്തി. പിന്നീട് ബി.ജെ.പി പ്രവർത്തകരെ നീക്കിയതിന് ശേഷം പ്രാർഥന നടത്താൻ അനുവദിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്. 

അടുത്ത മാസം വരെ മാത്രം പ്രവർത്തിക്കാൻ താല്ക്കാലിക അനുമതിയുണ്ടായിരുന്ന ഈ സ്വകാര്യ വൃദ്ധസദനത്തിന്റെ നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകളും നിയമലംഘനങ്ങളുമാണ് ഉണ്ടായിട്ടുള്ളതെന്ന് സാമൂഹ്യനീതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതേത്തുടർന്ന് ചെന്നീർക്കര പഞ്ചായത്ത് അധികൃതർ കെട്ടിടം അടിയന്തരമായി ഒഴിപ്പിക്കാൻ ഉടമയ്ക്ക് കർശന നോട്ടീസ് നൽകി. ഇതിന് പിന്നാലെ കെട്ടിടം ഉടനടി ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ ഈ വിവാദ സ്ഥാപനം പൂർണ്ണമായി പൂട്ടിച്ച് ഇവിടുത്തെ അന്തേവാസികളെ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ മൂന്ന് പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് പിടിയിലായത്