തലശ്ശേരി: പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാലു പേര്‍ പിടിയില്‍. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍. ബോംബ് നിര്‍മ്മാണവുമായി ബന്ധമുള്ള എട്ടോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഷെറിന്‍, വിനീഷ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ടോടെ ചികിത്സയിലിരിക്കെ ഷെറിന്‍ മരിച്ചു. വിനീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇരുവരും സി പി എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. എന്നാല്‍ സ്‌ഫോടനത്തില്‍ സി പി എമ്മിന് ബന്ധമില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി പാനൂര്‍ ഏരിയ കമ്മിറ്റിപ്രസ്താവനയിറക്കി. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. പ്രതികള്‍ ബോംബ് നിര്‍മ്മിക്കുമെന്ന് നാലു മാസം മുമ്പ് ഇന്റലിജിന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബോംബ് നിര്‍മിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കി.
