വെള്ളിവെളിച്ചത്തില്‍ നിന്ന് രമേഷ് പിഷാരടി മാത്രം; മമ്മൂട്ടിയുടെ 'സ്വന്തക്കാരനില്‍' നിന്ന് പാലക്കാട്ടുകാരുടെ മനസ്സിലേക്ക്

വെള്ളിവെളിച്ചത്തില്‍ നിന്ന് രമേഷ് പിഷാരടി മാത്രം; മമ്മൂട്ടിയുടെ 'സ്വന്തക്കാരനില്‍' നിന്ന് പാലക്കാട്ടുകാരുടെ മനസ്സിലേക്ക്


കൊച്ചി: ഗണേഷ് കുമാറും മുകേഷുമായി രണ്ട് ചലച്ചിത്ര താരങ്ങളുണ്ടായിരുന്ന കേരള നിയമസഭയില്‍ വെള്ളിവെളിച്ചത്തില്‍ നിന്ന് ഇക്കുറി ഒരാള്‍ മാത്രം. ടെലിവിഷനിലും വെള്ളിത്തിരയിലും വേദികളിലും ഒരുപോലെ തിളങ്ങിയ രമേഷ് പിഷാരടിക്ക് നിയമസഭയില്‍ താരവെളിച്ചത്തിലെത്താനാവുമോ എന്ന് കാലം മറുപടി പറയും. 

പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിമാരിലൊരാള്‍ എന്നു പേരെടുത്തിട്ടും യു ഡി എഫ് തരംഗത്തില്‍ ഗണേഷ് കുമാറിന് കാലിടറി. മുകേഷാകട്ടെ മത്സരിച്ചതുമില്ല. കോണ്‍ഗ്രസ് അവസാന നിമിഷമാണ് രമേഷ് പിഷാരടിയെ പാലക്കാട് രംഗത്തിറക്കിയത്. പിഷാരടി പാലക്കാടെത്തുന്നതിന് മുമ്പേ ഏറ്റുമാനൂരില്‍ വീണ നായരും തൃക്കാക്കരയില്‍ ലക്ഷ്മിപ്രിയയും തൃപ്പൂണിത്തുറയില്‍ അഞ്ജലി നായരും ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥികളായി പേരെടുത്തിരുന്നു. വീണാനായരുടേയും ലക്ഷ്മി പ്രിയയുടേയും പേരുകള്‍ വോട്ടര്‍പട്ടികയിലില്ലെന്ന നാണക്കേടിന് പിന്നാലെ ബിഗ്‌ബോസ് താരവും ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള അഖില്‍ മാരാരെ തൃക്കാക്കരയിലും വേദിയില്‍ അവതാരകയായ ആതിര ഡി നായയെ ഏറ്റുമാനൂരിലും ട്വന്റി ട്വന്റിക്ക് രംഗത്തിറക്കേണ്ടി വന്നു. 

രമേഷ് പിഷാരടിയെ പോലെ അവസാന നിമിഷമാണ് തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നടന്‍ സുധീര്‍ കരമനയും രംഗത്തെത്തിയത്. തനിക്ക് ചെയ്യാവുന്നത്രയും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ സുധീര്‍ കരമന ശ്രമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്ന ഇടതുമുന്നമിയെ അവസാന നിമിഷമെങ്കിലും സുധീര്‍ കരമന രണ്ടാം സ്ഥാനത്തെത്തിച്ചു. 

ഇവരെ കൂടാതെ ഒറ്റപ്പാലത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി നടനും സംവിധായകനുമായ മേജര്‍ രവിയും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല.

രമേഷ് പിഷാരടി പാലക്കാടെത്തുന്നതിനും വളരെ മുമ്പേ ബി ജെ പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ അവിടെ ജോലി തുടങ്ങിയിരുന്നു. പാലക്കാട്ടെ സിറ്റിംഗ് എം എല്‍ എ രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളും പാലക്കാട് ബി ജെ പിക്ക് വലിയ സാധ്യതയുണ്ടെന്ന നേട്ടവും ശോഭാ സുരേന്ദ്രനിലൂടെ മുതലെടുക്കാമെന്നായിരുന്നു ബി ജെ പി കണക്കു കൂട്ടിയത്. രമേഷ് പിഷാരടിയല്ല, മറ്റേതെങ്കിലും മുഴുസമയ കോണ്‍ഗ്രസ് നേതാവായിരുന്നു പാലക്കാട് മത്സരിക്കാനെത്തിയിരുന്നതെങ്കില്‍ വിജയം സംശയമായിരുന്നു. കോണ്‍ഗ്രസിന്റെ ബുദ്ധിപൂര്‍വ്വമായ തീരുമാനവും രമേഷ് പിഷാരടിയുടെ പക്വമായ പെരുമാറ്റങ്ങളുമാണ് പാലക്കാട്ട് യു ഡി എഫിന് മികച്ച വിജയം സമ്മാനിച്ചത്. 

മിമിക്രി താരമായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കോമാളിയെന്ന രീതിയില്‍ പല തവണ പിഷാരടി പരിഹസിക്കപ്പെട്ടിരുന്നു. അതിനദ്ദേഹം മറുപടി പറയാന്‍ കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി ജെ പിയുടെ വനിതാ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചപ്പോഴും അദ്ദേഹം അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. സി പി എമ്മോ ബി ജെ പിയോ വെച്ച ഒരു കെണിയിലും പെടാതെ ഏറ്റവും മാന്യമായ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതാണ് പിഷാരടിക്ക് തുണയായത്. 

നിശ്ശബ്ദ പ്രചരണ നാളില്‍ പണവും കിറ്റവും സാരിയും വിതരണം ചെയ്തുവെന്ന ആരോപണവും അതിന്റെ വീഡിയോകളും പ്രചരിച്ചതോടെ ബി ജെ പിയും ശോഭാ സുരേന്ദ്രനും പ്രതിരോധത്തിലായതും രമേഷ് പിഷാരടിക്ക് ഗുണമായി. 

വോട്ടെണ്ണിയ ആദ്യ ഘട്ടങ്ങളിലെവിടേയും രമേഷ് പിഷാരടി ഭൂരിപക്ഷം കാണിച്ചിട്ടില്ല. എന്നാല്‍ അവസാന ഘട്ടങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ പിറകോട്ട് പോവുകയും രമേഷ് പിഷാരടി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തു. 

മമ്മൂട്ടിയുടെ വാലായി നടക്കുന്നു എന്ന പതിവ് കളിയാക്കലുകളെ അഭിമാനപൂര്‍വ്വം ഏറ്റെടുത്തിടത്തു നിന്നാണ് രമേഷ് പിഷാരടി കേരള നിയമസഭയിലെ അംഗമായി വളരുന്നത്.