ആര്‍ലേക്കര്‍ നാളെ ചുമതല ഒഴിയും; കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ആര്‍ലേക്കര്‍ നാളെ ചുമതല ഒഴിയും; കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും


തിരുവനന്തപുരം: കേരളത്തിന്റെ 29ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും. ലോക് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നാളെ ചുമതല ഒഴിയും. തമിഴ്‌നാട് ഗവര്‍ണറായാണ് ആര്‍ലേക്കര്‍ക്ക് പുതിയ നിയമനം.

സിക്കിം ഗവര്‍ണറായിരുന്ന മാഥുറിനെ ഒക്ടോബര്‍ 12നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള ഗവര്‍ണറായി നിയമിച്ചത്. 1952 ജനുവരി 2-ന് രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദല്‍ ഗ്രാമത്തിലാണ് ജനനം. രാജസ്ഥാന്‍ സര്‍ലകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം 1972 മുതൽ ആര്‍എസ്എസ് പ്രചാരകനായിരുന്നു. 

ഭാരതീയ ജനതാ പാർട്ടി രാജസ്ഥാൻ ഘടകത്തിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ, ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ബിജെപിയുടെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളാണ്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം ഗുജറാത്തിന്റെ ചുമതല വഹിച്ചത്.