കോഴിക്കോട്: വനിതാ ലീഗിന് മുസ്‌ലിം ലീഗിനുള്ളില്‍ അവഗണന നേരിടുന്നതായി ആരോപിച്ച് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ് സ്ഥാനമൊഴിഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ച അവര്‍, പദവിയില്‍ നിന്ന് പിന്മാറുന്നുവെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്നും വ്യക്തമാക്കി.
രാഷ്ട്രീയം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അല്ലെന്ന് പറഞ്ഞ നൂര്‍ബീന, പ്രചാരണത്തിനായി മാത്രം നടത്തുന്ന സമരങ്ങളും അറസ്റ്റുകളും സംഘടനയുടെ ലക്ഷ്യമാകരുതെന്ന് വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളിലെ 'ഫോട്ടോഷൂട്ട് സംസ്‌കാരം' അവസാനിപ്പിക്കണമെന്നും, ജനങ്ങളുമായി യഥാര്‍ത്ഥ ജീവിതത്തിലൂടെയുള്ള ഇടപെടലാണ് പ്രധാനം എന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ പൂര്‍ണമായും അവഗണിച്ചുവെന്നതാണ് പ്രധാന പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ടായിട്ടും വനിതാ ലീഗിന് വേണ്ടത്ര പ്രതിനിധാനം ലഭിച്ചില്ലെന്നും, സംഘടനയോട് ചര്‍ച്ച ചെയ്യുകയോ തീരുമാനങ്ങള്‍ വിശദീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
സംഘടനയുടെ പഴയ പോരാട്ടങ്ങളും സംഭാവനകളും വിലകുറഞ്ഞതായിപ്പോകുന്നുവെന്ന വേദനയും നൂര്‍ബീന പങ്കുവച്ചു. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് വനിതാ ലീഗിന് ബൈലോ രൂപീകരിക്കാന്‍ കഴിഞ്ഞതെന്നും, ഇന്നുവരെ സംഘടനയ്ക്ക് സ്വതന്ത്രമായി അംഗത്വ ക്യാംപെയിന്‍ നടത്താന്‍ പോലും അനുമതി ലഭിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദേശീയ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പുനഃസംഘടനയിലും വനിതാ ലീഗിനെ പര്യാപ്തമായി പരിഗണിച്ചില്ലെന്നും, ദീര്‍ഘകാല പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിയതായും അവര്‍ വിമര്‍ശിച്ചു. മതേതരത്വം പ്രദര്‍ശനമല്ല, ഹൃദയത്തില്‍നിന്ന് വരേണ്ട മൂല്യമാണെന്നും 'ആര്‍ട്ടിഫിഷ്യല്‍ സെക്കുലറിസം' പ്രസ്ഥാനങ്ങള്‍ക്ക് ഗുണകരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടിവരുന്നുവെന്നും അവര്‍ പറഞ്ഞു.
വനിതാ ലീഗിന് അവഗണനയെന്ന് ആരോപണം; നൂര്‍ബീന റഷീദ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു
