തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നിയന്ത്രിതമായി നടത്താൻ തീരുമാനം. വെടിക്കെട്ട് പൂർണമായി ഒഴിവാക്കിക്കൊണ്ട് ആഘോഷങ്ങൾ ലളിതമാക്കാൻ മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്ര ഭാരവാഹികളും ചേർന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്.
സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, ഉപചാരം കഴിഞ്ഞുള്ള വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവ പൂർണമായും ഒഴിവാക്കും. പകരം ആചാരപരമായ രീതിയിൽ പരിമിതമായ ശബ്ദപ്രകടനങ്ങൾ മാത്രം ഉണ്ടാകും.
പൂരം ആചാരങ്ങളായ കുടമാറ്റം, എഴുന്നള്ളിപ്പ്, മേളങ്ങൾ എന്നിവ പതിവുപോലെ തുടരുമെങ്കിലും നിയന്ത്രണങ്ങളുണ്ടാകും. കുടമാറ്റം പേരിന് മാത്രമായി ചുരുക്കി 15 മിനിറ്റിൽ പൂർത്തിയാക്കും. കുടകളുടെ എണ്ണവും കുറയ്ക്കാൻ തീരുമാനമായി.
അതേസമയം, എഴുന്നള്ളിപ്പിൽ ആനകളുടെ എണ്ണം കുറയ്ക്കില്ല. പതിവുപോലെ 15 ആനകളെ തന്നെ പങ്കെടുപ്പിക്കും. ഇലിഞ്ഞറ മേളം, മഠത്തിൽ വരവ് തുടങ്ങിയ പ്രധാന മേളങ്ങളിൽ മാറ്റമില്ലെന്നും യോഗം വ്യക്തമാക്കി.
സുരക്ഷയും പൊതുഭദ്രതയും മുൻനിർത്തിയാണ് ഇത്തവണ പൂരം ലളിതമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വെടിക്കെട്ട് ഒഴിവാക്കി നിയന്ത്രിത ആഘോഷം: മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തിൽ തൃശൂർ പൂരം ലളിതമാക്കി
