രാഹുല്‍ മാങ്കൂട്ടത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; പിന്നാലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; പിന്നാലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്


തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യത്തിന് വേണ്ടി വാദിച്ച എല്ലാ ന്യായങ്ങളും കോടതി തള്ളിക്കളയുകയായിരുന്നു. തൊട്ടു പിന്നാലെ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രാഥമികാംഗത്വത്തില്‍നിന്നാണ് പുറത്താക്കിയത്.

തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്. ബുധനാഴ്ച നടന്ന ശക്തമായ വാദത്തിനൊപ്പം ഇന്നുരാവിലെ പുതിയ തെളിവുകള്‍ ഹാജരാക്കുകയും ഒപ്പം രാഹുലിനെതിരെ പുതിയ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത വിവരവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചശേഷമായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.

രാഹുലിന്റെ അപേക്ഷപ്രകാരം ഇന്നലെമുതല്‍ അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്.  ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു മുന്‍ കൂര്‍ ജാമ്യഹര്‍ജിയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതി സ്വമേധയാ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. യുവതി വിവാഹിതയാണ്. ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

താന്‍ നിരപരാധിയെന്ന് കാണിച്ച് രാഹുല്‍ കൂടുതലായി മൂന്നു പ്രാമാണിക തെളിവുകള്‍ ഹാജരാക്കിയിരുന്നു. പീഡനം ആരോപിക്കുന്ന കാലയളവില്‍ ഭര്‍തൃമതിയായ യുവതി ഭര്‍ത്താവുമായി ഒരുമിച്ച് ഉണ്ടായിരുന്നതായി തെളിയിക്കുന്ന ഫോട്ടോ, ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റ്, ശബ്ദരേഖ അടങ്ങുന്ന പെന്‍െ്രെഡവ്, ഡിജിറ്റല്‍ തെളിവുകളുടെ ഹാഷ് വാല്യു സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് അഡീ. ഡോക്യുമെന്റ് ആയി ഹാജരാക്കിയത്. വഞ്ചിയൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജസീറയാണ് കേസ് പരിഗണിച്ചത്.