കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ദന്തല്‍ കോളജ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. എം കെ റാമിനെ പുറത്താക്കി. കൂടുതല്‍ കുട്ടികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഡോ. റാമിനെ കോളെജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് മാനേജ്‌മെന്റ് യോഗത്തില്‍ അധ്യാപകനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തിരുന്നു. ഈ വിവരം സമരം ചെയ്ത വിദ്യാര്‍ഥികളെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് കോളെജ് മാനേജ്മെന്റ് ഡോ. റാമിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. അഞ്ചരക്കണ്ടി കണ്ണൂര്‍ ദന്തല്‍ കോളേജിലെ അധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. എം കെ റാം. ആന്ധ്ര പ്രദേശ് സ്വദേശിയായ റാം ഒളിവിലാണ്.
നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാര്‍ക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് മാനേജ്‌മെന്റ് യോഗത്തില്‍ ധാരണയായത്. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേര്‍ക്കപ്പെട്ടത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി- പട്ടികവര്‍ഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
