നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വ്യാഴാഴ്ച വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ നടക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്.
ഹോം വോട്ടിങിന് അനുമതി ലഭിച്ച 1254 പേരുടെ വോട്ടെടുപ്പ് ജൂണ്‍ 16ന് പൂര്‍ത്തിയായി. ഉപതെരഞ്ഞെടുപ്പിന് പുതിയ 59 എണ്ണം ഉള്‍പ്പെടെ 263 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റ് മെഷീനുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിങ്ങനെ വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന മൂന്ന് ബൂത്തുകളുണ്ട്. ഏഴു മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തും.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. ഇവരില്‍ 316 പ്രിസൈഡിങ് ഓഫിസര്‍മാരും 975 പോളിങ് സ്റ്റാഫും 10 മൈക്രോ ഒബ്‌സര്‍വര്‍മാരും എന്നതാണ് കണക്ക്.
പത്ത് സ്ഥാനാര്‍ഥികളാണ് നിലമ്പൂരില്‍ ജനവിധി തേടുന്നത്. യു ഡി എഫില്‍ ആര്യാടന്‍ ഷൗക്കത്ത്, എല്‍ ഡി എഫില്‍ എം സ്വരാജ്, എന്‍ ഡി എയില്‍ അഡ്വ. മോഹന്‍ ജോര്‍ജ്, സാദിക് നടുത്തൊടി (എസ് ഡി പി ഐ), സ്വതന്ത്ര സ്ഥാനാര്‍ഥികളായി പി വി അന്‍വര്‍, എന്‍ ജയരാജന്‍, പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട്, വിജയന്‍, സതീഷ് കുമാര്‍ ജി, ഹരിനാരായണന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
മണ്ഡലത്തില്‍ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് വോട്ടര്‍മാരായുള്ളത്. ഇവരില്‍ 7787 പുതിയ വോട്ടര്‍മാരും 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരുമാണ്.
സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്.
ജൂണ്‍ 23 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.