കൊച്ചിൻ കാൻസർ സെന്റർ മുതൽ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആയുർവേദ വരെ വൻ പദ്ധതികൾ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലെ ചരിത്രവികസനമായി 1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത്രയും വലിയ വികസന പദ്ധതികൾ ഒരുമിച്ച് സാക്ഷാത്കരിക്കുന്നത് ആദ്യമായാണെന്നും ഇതിലൂടെ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 7ന് കോഴിക്കോട് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. 643.88 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇൻസ്റ്റിറ്റിയൂട്ട് പ്രവർത്തിക്കുക. അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രമാകുകയാണ് ലക്ഷ്യം.
ഫെബ്രുവരി 9ന് മധ്യകേരളത്തിന്റെ കാൻസർ ചികിത്സാ രംഗത്ത് വൻ മാറ്റമുണ്ടാക്കുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 387 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളോടെ സിസിആർസി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
ആലപ്പുഴ ഹോംകോയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 109.82 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ ഫാക്ടറിയുടെ ഉദ്ഘാടനം ഫെബ്രുവരി 13ന് നടക്കും. ഗുളികകളും ഓയിന്റ്‌മെന്റുകളും നിർമിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 14ന് മലപ്പുറം കോട്ടക്കുന്നിൽ ഒരു കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ഫുഡ് സ്ട്രീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശുചിത്വവും ഗുണമേന്മയുള്ള ഭക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്.
ഫെബ്രുവരി 16ന് കോട്ടയം മെഡിക്കൽ കോളേജിലെ 257 കോടി രൂപ ചെലവഴിച്ച് നിർമിച്ച സർജിക്കൽ ബ്ലോക്കും നാടിന് സമർപ്പിക്കും. എട്ട് നിലകളിലായി 526 കിടക്കകളും 14 ഓപ്പറേഷൻ തീയറ്ററുകളും 44 ഐസിയു ബെഡുകളും 12 ഐസൊലേഷൻ ബെഡുകളും ഉൾപ്പെടുന്നതാണ് പുതിയ ബ്ലോക്ക്. 115 കോടിയുടെ അത്യാധുനിക ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കണ്ണൂരിൽ 300 ഏക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആയുർവേദയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. 200 കോടി രൂപ ചെലവഴിച്ച് 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രി്ര്രപ് സ്റ്റഡി സെന്റർ, ഔഷധസസ്യ നഴ്‌സറി, റിസർച്ച് സെന്റർ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 23ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ 242.42 കോടി രൂപ ചെലവഴിച്ച് നിർമിച്ച 14 നില കെട്ടിടവും ഉദ്ഘാടനം ചെയ്യും. 30,680 സ്‌ക്വയർ മീറ്റർ വിസ്തീർണത്തിലുള്ള പുതിയ കെട്ടിടം ആർസിസിയുടെ സ്ഥലപരിമിതി വലിയ തോതിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വികസന പദ്ധതികൾ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
