ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ നെഫ്രോളജിസ്റ്റ് ഡോ. കെ വി ജോണി അന്തരിച്ചു

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ നെഫ്രോളജിസ്റ്റ് ഡോ. കെ വി ജോണി അന്തരിച്ചു


കൊച്ചി: ഇന്ത്യയിലെ പ്രഥമ വൃക്കമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പ്രശസ്ത നെഫ്രോളജിസ്റ്റും വി പി എസ് ലേക്ഷോര്‍ ആശുപത്രി ഡയറക്ടറുമായ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം.


ഡോ. കെ വി ജോണിയുടെ നെഫ്രോളജി ചികിത്സാരംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്ത് വി പി എസ് ലേക്ഷോറിനെ രാജ്യത്തെ ഒന്നാം നിരയിലെത്തിക്കുന്നതിന് സഹായകമായി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വി പി എസ് ലേക്ഷോര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ ദു:ഖം രേഖപ്പെടുത്തി. വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചിച്ചു. 

                                                                                                                                                                                                                 

1971ല്‍ ഇന്ത്യയിലെ പ്രഥമ വൃക്കമാറ്റ ശസ്ത്രക്രിയ വെല്ലൂര്‍ സി എം സിയില്‍ നടന്നത് ഡോ. കെ വി ജോണിയുടെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററിന് വെല്ലൂരില്‍ തുടക്കം കുറിച്ചതും അദ്ദേഹമാണ്. കുവൈത്ത് പൗരനല്ലാത്ത ഒരാള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സര്‍വകലാശാല മെഡിസിന്‍ ഫാക്കല്‍റ്റി വൈസ് ഡീന്‍ പദവിയും അദ്ദേഹത്തിന് നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1993ല്‍ കുവൈത്തിലും റീനല്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കുവൈത്ത് നാഷണല്‍ ഫിസിഷ്യന്‍സ് പ്രൊമോഷന്‍ കമ്മിറ്റി അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കുവൈത്ത് മിനിസ്ട്രി ഏര്‍പ്പെടുത്തിയ ഉന്നതതല ആരോഗ്യ പ്രതിനിധി സംഘത്തിലെ പ്രധാനിയായിരുന്നു അദ്ദേഹം. 


1960ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കിയ അദ്ദേഹം 1965ല്‍ എം ഡി, 1966ല്‍ ഇ സി എഫ് എം ജിയും പൂര്‍ത്തിയാക്കി. 1978ല്‍ കാനഡ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സില്‍ നിന്നും എഫ് ആര്‍ സി പിയും നേടി. സൗത്ത് ഓസ്‌ട്രേലിയ, യു കെ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്ത സര്‍വകലാശാലകളില്‍ തുടര്‍പഠനവും സേവനവും നിര്‍വഹിച്ചു. 


കുവൈത്ത് മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് മുബാറക് അല്‍- കബീര്‍ സര്‍വകലാശാല ഹോസ്പിറ്റലിലെ നെഫ്രോളജി തലവന്‍, മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍, കുവൈത്ത് മിനിസട്രി ഫോര്‍ മെഡിക്കല്‍ സ്‌പെഷ്യലൈസേഷന്‍ ഇന്റേണല്‍ മെഡിസിന്‍ ഫാക്കല്‍റ്റി ചെയര്‍മാന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് പ്രോഗ്രാം ഡയറക്ടര്‍, കുവൈത്തിലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ പ്രൊഫഷണല്‍സ് മുന്‍ പ്രസിഡന്റ്, കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍, വേള്‍ഡ് ഇന്ത്യ ഡയബറ്റീസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, കുവൈത്തിലെ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം രക്ഷാധികാരി തുടങ്ങി നിരവധി ചുമതകള്‍ വഹിച്ചു. ആരോഗ്യരംഗത്തെ നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 


നിരവധി ദേശീയ, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ ഇടപെടലായിരുന്നു. 

എണാകുളം തേവര ഫെറി റോഡ് ഉപരിക മാളിക 12ബിയിലായിരുന്നു താമസം. വി പി എസ് ലേക്ഷോര്‍ ആശുപത്രി മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മോളി ജോണിയാണ് ഭാര്യ. മക്കള്‍: ഡോ. വിനോ ജോണ്‍ വര്‍ഗീസ് (യു എസ് എ), ഡോ. അനില്‍ ജോണ്‍ മാണി (യു എസ് എ), ഡോ. ആശ വികാസ് (യു കെ). 


ഭൗതിക ശരീരം വി പി എസ് ലേക്ഷോര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. വിദേശത്തുള്ള മക്കള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ എത്തിച്ചേരുന്ന മുറക്കായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും തീരുമാനിക്കുകയെന്ന് വി പി എസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അറിയിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഡോ. കെ വി ജോണിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി.