തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച തൃശൂർ വടക്കാഞ്ചേരി സ്വദേശിനി നവോമി വിൻസെന്റ് (23) അവയവദാനത്തിലൂടെ 6 പേർക്ക് പുതുജീവൻ നൽകി. കുടുംബത്തിന്റെ സമ്മതത്തോടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവ ദാനം ചെയ്തു. അവയവദാനത്തിന് തയ്യാറായ കുടുംബത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ അഭിനന്ദിക്കുകയും ദുഃഖത്തിൽ പങ്കചേരുന്നതായി അറിയിക്കുകയും ചെയ്തു.
ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്ക് നൽകി. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിലേക്കും രണ്ട് നേത്രപടലങ്ങൾ റീജണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് കൈമാറിയത്. കെസോട്ടോയുടെ നേതൃത്വത്തിലായിരുന്നു അവയവദാന നടപടികൾ ഏകോപിപ്പിച്ചത്.
തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ നവോമി, തിരുവനന്തപുരം കവടിയാറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനായി യാത്രതിരിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ജൂൺ 25ന് പുലർച്ചെ കൊട്ടാരക്കര വാളകത്ത് ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ നവോമിക്കൊപ്പം യാത്ര ചെയ്തിരുന്ന അമ്മ ജിപ്‌സി തങ്കച്ചനും അനിയൻ ജോയൽ വിൻസെന്റിനും ഗുരുതരമായി പരക്കേറ്റു. വാഹനം ഓടിച്ചിരുന്നത് ജോയലായിരുന്നു. ഇരുവരും ഇപ്പോൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 28ന് നവോമിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് അച്ഛൻ വിൻസെന്റും സഹോദരി എയ്ഞ്ചൽ മരിയ വിൻസെന്റും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.
അപകടത്തിൽ മസ്തിഷ്‌കമരണം; നവോമിയുടെ അവയവങ്ങൾ 6 പേർക്ക് പുതുജീവനേകും
