മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലിംലീഗിലും അതൃപ്തി; പാണക്കാട്ട് നാളെ നേതൃയോഗം

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലിംലീഗിലും അതൃപ്തി; പാണക്കാട്ട് നാളെ നേതൃയോഗം


മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രിപദ ചർച്ചകൾ അനിശ്ചിതമായി നീളുന്നതിനിടെ മുസ്ലിം ലീഗ് നാളെ നിർണായക നേതൃയോഗം ചേരും. ബുധനാഴ്ച രാവിലെ 10 മണിക്ക് പാണക്കാട്ടാണ് യോഗം നടക്കുക. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെയും അന്തിമ തീരുമാനത്തിലെത്താത്ത സാഹചര്യത്തിലാണ് ലീഗ് അടിയന്തര ചർച്ചയ്ക്ക് ഒരുങ്ങുന്നത്.

ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ അന്തിമ തീരുമാനം വന്നശേഷം സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളാണ് പ്രധാനമായും ചർച്ചയാകുക. മന്ത്രിസഭയിൽ ലീഗിന്റെ പ്രാതിനിധ്യവും മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പരിഗണിക്കും.

മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ ലീഗ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു. എഐസിസി നിയോഗിച്ച നിരീക്ഷകരുമായി നടത്തിയ ചർച്ചകളിൽ പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതായും നേതാക്കൾ സൂചിപ്പിച്ചിരുന്നു. എന്നിട്ടും കോൺഗ്രസ് തീരുമാനം വൈകിപ്പിക്കുന്നതിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത ഉയരുന്നുവെന്നാണ് സൂചന.

ഇതിനിടെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. അബ്ദുൾ ഹമീദ് പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കാര്യത്തിൽ അനാവശ്യമായ കാലതാമസം തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും പ്രവർത്തകരിൽ വലിയ നിരാശയുണ്ടാക്കിയെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.