പാലക്കാട് അരുംകൊല; വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, കൊലപാതകം തെളിഞ്ഞത് വൃദ്ധയെ കാണാനില്ലെന്ന പരാതിയിൽ

പാലക്കാട് അരുംകൊല; വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, കൊലപാതകം തെളിഞ്ഞത് വൃദ്ധയെ കാണാനില്ലെന്ന പരാതിയിൽ


പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. ആട്ടയാമ്പതി സ്വദേശി സരസ്സാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസ്സുകാരിയായ സരസാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. 

ജൂണ്‍ 10 മുതല്‍ സരസാളിനെ കാണാനില്ലെന്ന് കാട്ടി മകള്‍ ജൂണ്‍ 12ന് കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമുണ്ട്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മില്‍ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയില്‍ ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയതായും പ്രതികള്‍ സമ്മതിച്ചതായാണ് സൂചന. സരസാളിന്റെ മൂക്കുത്തി അടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം.

സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്തു ശാസ്ത്രീയ പരിശോധനയും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയശേഷമേ സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.