വി.എസ് അനുസ്മരണ ലേഖനമുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങാത്തതിൽവിവാദം; യന്ത്രത്തകരാറെന്ന് എം സ്വരാജ്

വി.എസ് അനുസ്മരണ ലേഖനമുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങാത്തതിൽവിവാദം; യന്ത്രത്തകരാറെന്ന് എം സ്വരാജ്


തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചരമവാർഷിക ദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമ്മക്കുറിപ്പിന് പൂട്ടിട്ട് പാർട്ടി മുഖപത്രമായ ദേശാഭിമാനി. വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം എന്ന തലക്കെട്ടിലുള്ള ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് ദേശാഭിമാനി പുറത്തിറങ്ങിയത് . വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് അവസാന നിമിഷം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് എല്ലാ ഞായറാഴ്ചകളിലും പത്ത്രോടൊപ്പം സ്ഥിരമായി ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഒഴിവാക്കി പാർട്ടി പത്രം ഇന്ന് വിതരണത്തിനെത്തിയത്.

വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പായിരുന്നു ഈ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന ആകർഷണം. എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ അറിവോടെയോ അല്ലാതെയോ അച്ചടി പൂർത്തിയായ ശേഷം, അവസാന നിമിഷം ഈ പതിപ്പ് വായനക്കാരിലേക്ക് എത്തേണ്ടതില്ലെന്ന് ദേശാഭിമാനി അധികൃതർ തീരുമാനിക്കുകയായിരുന്നു. വി.എസിന്റെ രാഷ്ട്രീയ നിലപാടുകളോ മറ്റോ പ്രതിപാദിക്കുന്ന ലേഖനത്തിലെ പരാമർശങ്ങളാകാം ഈ പെട്ടെന്നുള്ള പിൻമാറ്റത്തിന് പിന്നിലെന്നാണ് സൂചന.

എന്നാൽ യന്ത്രത്തകരാർ കാരണമാണ് വാരാന്തപ്പതിപ്പിന്റെ അച്ചടി പൂർത്തിയാകാത്തതെന്ന് ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം സ്വരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. പ്രചരിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമായ വാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സിൽ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റിൽ നിന്നാണ് പത്രം ഒരുമിച്ച് അച്ചടിക്കുന്നത്. അതുകൊണ്ട് സമയബന്ധിതമായി അച്ചടി പൂർത്തിയാക്കാനും മറ്റും തടസ്സം നേരിട്ടു. അതുകൊണ്ടാണ് ഞായറാഴ്ചത്തെ വരാന്തപ്പതിപ്പ് തിങ്കളാഴ്ച വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്. സാങ്കേതിക പ്രശ്‌നം എന്ന് എഡിറ്റോറിയൽ ടീം ഇന്ന് നൽകിയ അറിയിപ്പ് ഇതാണ്.
വിഎസ് അനുസ്മരണമുള്ള വാരാന്ത്യപതിപ്പ് ഒഴിവാക്കിയതെന്ന് വാർത്ത അടിസ്ഥാന രഹിതമാണ്. ഇരുപത്തിയൊന്നാം തീയതി വിഎസിന്റെ അനുസ്മരണ സംബന്ധിയായ പ്രത്യേക പേജുണ്ടാവും. നാല് പേജുള്ള ഞായറാഴ്ച പതിപ്പിന്റെ ആദ്യ പേജിലാണ് കെ സുധാകരന്റെ വിഎസ്സിനെ കുറിച്ചുള്ള അനുസ്മരണമുള്ളത്. അവസാന പേജിലും അതുതന്നെയാണ്. അതല്ലാതെ പ്രചരിക്കുന്നതെല്ലാം തെറ്റാണ്. വിഎസ്സിനെ ഇതിലേക്ക് വലിച്ചിഴച്ചത് അനുചിതമാണ്. 'കള്ളൻ വിജയൻ' എന്നൊരു ലേഖനമോ വാർത്തയോ വാരാന്ത്യ പതിപ്പിൽ ഇല്ല. ഇതൊക്കെ ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഞായറാഴ്ച്ചകളിലും ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തിൽ അറിയിപ്പ് നൽകുകയായിരുന്നു. 'കള്ളൻ വിജയൻ' എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെട്ടതാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിൻവലിച്ചതിന് പിന്നിലെ കാരണമെന്നായിരുന്നു സൂചനകൾ. ഇത് വാർത്തയായതിനെത്തുടർന്നാണ് സ്വരാജിന്റെ പ്രതികരണം.