തിരുവനന്തപുരം: കേരള ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) നിയമന വിവാദത്തിന് പിന്നാലെ, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ വിദ്യാർഥികൾക്ക് പിഎസ്സി വഴി കൂട്ടത്തോടെ അധ്യാപക നിയമനം ലഭിച്ചതായി ഗുരുതര ആരോപണം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതി പിഎസ്സി പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
2024-25 വർഷത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി അധ്യാപക നിയമനങ്ങളിൽ വലിയൊരു പങ്കും സംസ്കൃത സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ മുൻ എസ്എഫ്ഐ പ്രവർത്തകരാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ നൽകിയ നിവേദനത്തിൽ ആരോപിക്കുന്നു. വിവിധ പിഎസ്സി പരീക്ഷകളിലെ ചോദ്യകർത്താക്കളിൽ ഭൂരിപക്ഷവും സംസ്കൃത സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗങ്ങളാണെന്നാണ് പ്രധാന ആക്ഷേപം. സംസ്കൃത സർവകലാശാലയിലെ പൂർവ വിദ്യാർഥിനിയും മുൻ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഡോ. പ്രിൻസി കുര്യാക്കോസ് 2023 നവംബറിൽ പിഎസ്സി അംഗമായി നിയമിതയായ ശേഷമാണ് ഈ കൂട്ടനിയമനങ്ങൾ നടന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. പിഎസ്സി പരീക്ഷകളിൽ ചോദ്യകർത്താക്കളെ നിയോഗിക്കുന്നതിൽ ഇവർ വഴിവിട്ട ഇടപെടൽ നടത്തിയെന്നും പരാതിയിലുണ്ട്.
വർഷങ്ങളായി വിദ്യാർഥിക്ഷാമം നേരിടുന്ന സംസ്കൃത സർവകലാശാലയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളിൽ കൂടുതലും പ്ലസ് ടു, ബിരുദ പരീക്ഷകളിൽ കുറഞ്ഞ മാർക്ക് നേടി വിജയിച്ചവരാണ്. ബിഎ പാസാകാതെ തന്നെ എംഎയ്ക്ക് പ്രവേശനം നേടി സംസ്കൃത സർവകലാശാലയിലെത്തുന്ന പലരും ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദങ്ങളും പിഎച്ച്ഡി ബിരുദവും നേടുന്നുണ്ട്. ഇവരിൽപ്പെട്ടവർക്ക് കഴിഞ്ഞ വർഷങ്ങളിൽ പിഎസ്സി വഴി സർക്കാർ നിയമനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
കേരള, കാലിക്കറ്റ്, എംജി സർവകലാശാലകളിൽ ഉന്നതവിജയങ്ങൾ നേടിയ വിദ്യാർഥികൾക്ക് പിഎസ്സി റാങ്ക് പട്ടികകളിൽ ഇടം ലഭിക്കാതിരിക്കുമ്പോഴാണ് കുഫോസിലെയും സംസ്കൃത സർവകലാശാലയിലെയും എസ്എഫ്ഐ വിദ്യാർഥികൾ കൂട്ടത്തോടെ നിയമനങ്ങൾ നേടിയത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണവിധേയമായ റാങ്ക് പട്ടികകളിൽ നിന്നുള്ള നിയമന ശിപാർശകൾ നിർത്തിവയ്ക്കണമെന്നും സംസ്കൃത സർവകലാശാലയിലെ പൂർവ വിദ്യാർഥിനിയും ഡിവൈഎഫ്ഐ നേതാവുമായ പിഎസ്സി അംഗത്തിൻ്റെയും പിഎസ്സി ചെയർമാൻ എം. ആർ. ബൈജുവിൻ്റെയും പങ്ക് അന്വേഷണവിധേയമാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
2024-25 കാലയളവിൽ പിഎസ്സി വഴി നിയമനം ലഭിച്ച സംസ്കൃത സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളുടെ വിശദമായ പട്ടികയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അധ്യാപക റാങ്ക് പട്ടികയിൽ അഞ്ചാം റാങ്ക് നേടിയ കെ.ബി. അമൃത, 17-ാം റാങ്കുകാരി ആതിര ചന്ദ്രൻ, 21-ാം റാങ്കുകാരൻ കെ.വി. വിപിൻ എന്നിവരടക്കം ഇരുപതോളം പേരുടെ വിവരങ്ങളാണ് പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുഫോസിലെ 38 എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമനം ലഭിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിഎസ്സിയെ പ്രതിക്കൂട്ടിലാക്കി പുതിയ പരാതിയും എത്തിയിരിക്കുന്നത്.
നിയമനങ്ങളിൽ വീണ്ടും ക്രമക്കേട്; കാലടി സർവകലാശാലയിലെ എസ്എഫ്ഐ വിദ്യാർത്ഥികൾ കൂട്ടത്തോടെ പിഎസ്സി റാങ്ക് പട്ടികയില്, അന്വേഷണം ക്രൈംബ്രാഞ്ചിന്
