തിരുവനന്തപുരം: യക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് തിരുമാനിച്ചു. വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ മീഡിയ സെൽ ചെയർമാനുമായ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് 15ന് മേഖലയുടെ ചുമതലയേൽക്കും.
സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) 15 ന് വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവാ നേതൃത്വം നൽകും. മറ്റു മെത്രാപ്പൊലീത്തമാർ സന്നിഹിതരായിരിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാർ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ഫാ. അലക്സാണ്ടർ തോമസ്, പബ്ലിസിറ്റി കോ ഓർഡിനേറ്റർ ഫാ. അലൻ കുര്യൻ സാബു, കൺവീനർ ഡോ. കോശി എം. ജോർജ് എന്നിവർ അറിയിച്ചു. വൈകുന്നേരം അഞ്ചിന് സ്ഥാനാരോഹണ ചടങ്ങും ആറിന് സ്വീകരണവും ആണ് ക്രമീകരിച്ചിരിക്കുന്നത്.
യാക്കോബായ സഭയ്ക്ക് തിരുവനന്തപുരം മേഖല, മാർ തെയോഫിലോസ് 15 ന് സ്ഥാനമേൽക്കും
