തൃശൂര്‍: മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കും. ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ തൃശൂര്‍ കളക്ടറേറ്റിലാണ് യോഗം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് യോഗം ചേരുന്നത്. കൊച്ചി ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പൂരം നടത്തിപ്പിലെ പ്രധാനികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്ന തീരുമാനത്തിന് അനുസൃതമായി പൂരം നടത്തിപ്പില്‍ നിലപാട് എടുക്കുമെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചത്.
അതിനിടെ ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കും. ആഘോഷപൂര്‍വം പൂരം നടത്താനുള്ള സാഹചര്യമല്ലെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തുനിര്‍ത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും നിരോധിത വെടിമരുന്ന് ഉത്പന്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് സതീഷിനാണ് ദേവസ്വം കരാര്‍ നല്‍കിയതെന്നും അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികള്‍ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. അപകടത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും കെ ഗിരീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വെടിക്കെട്ട് നടത്താനുള്ള സാഹചര്യം തിരുവമ്പാടിക്കില്ലെന്നും സാംപിളിനും പുലര്‍ച്ചെ വെടിക്കെട്ടിനും പകല്‍ വെടിക്കെട്ടിനും തയ്യാറാക്കിയ പടക്ക സാമഗ്രിള്‍ മുഴുവനും സ്ഫോടനത്തില്‍ പൊട്ടിത്തീര്‍ന്നു. പാറമേക്കാവിന്റെ കൈവശം വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാണെങ്കിലും കീഴ്വഴക്കമനുസരിച്ച് ഒരു വിഭാഗത്തിന് മാത്രമായി വെടിക്കെട്ട് നടത്താനാകില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു. എങ്കിലും തയ്യാറാക്കി വെച്ചിരിക്കുന്ന സാമഗ്രികള്‍ പൊട്ടിച്ച് കളയേണ്ടതുണ്ട്. അത് എങ്ങനെ വേണമെന്ന കാര്യത്തിലും വ്യാഴാഴ്ച തീരുമാനമുണ്ടായേക്കും. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും സര്‍ക്കാര്‍ തീരുമാന പ്രകാരം പൂരചടങ്ങുകള്‍ നടത്തുമെന്നാണ് വ്യക്തമാക്കിയത്. മറ്റ് ഘടക ക്ഷേത്രങ്ങളുമായും ചര്‍ച്ച നടത്തും.
