കൊച്ചി: കൊടനാട് അഭയാരണ്യത്തിലെ രോഗബാധിതയായ കുട്ടിയാന മായയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് കൊണ്ടുപോയി. വൻതാര ഫൗണ്ടേഷൻ ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലാണ് യാത്ര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാൽ എയർ കാർഗോ വിഭാഗമാണ് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെ വിമാനം കൊച്ചിയിൽ നിന്നും പുറപ്പെട്ടു.
ജന്മനാ അസ്ഥിരോഗമുള്ള ആനയ്ക്ക് നേരത്തെ ദയാവധം നിർദേശിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ വൻതാര അധികൃതർ തുടർ വൈദ്യപരിശോധനയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ഏറ്റെടുക്കുകയായിരുന്നു. വിമാനയാത്രയ്ക്കുള്ള ചെലവ് വൻതാരയാണ് വഹിച്ചത്.
മായയുടെ സുരക്ഷിതമായ വിമാനയാത്രയ്ക്കായി സിയാലിന്റെ ആഭ്യന്തര കാർഗോ ടെർമിനലിൽ ക്രമീകരണങ്ങൾ ഒരുക്കി.
പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാണ് കുട്ടിയാനയെ വിമാനത്തിലേക്ക് മാറ്റിയത്. യാത്രയ്ക്ക് മുമ്പും വിമാനയാത്രയ്ക്കിടയിലും മായയുടെ ആരോഗ്യനില വെറ്ററിനറി സംഘം നിരീക്ഷിച്ചു. വനംവകുപ്പിന്റെ പ്രത്യേക സംഘവും മായയെ അനുഗമിച്ചു.
സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി., കാർഗോ വിഭാഗം മേധാവി സതീഷ് ജെ. പൈ എന്നിവർ ആഭ്യന്തര കാർഗോ ടെർമിനലിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. വനംവകുപ്പ്, വൻതാര പ്രതിനിധികൾ, വെറ്ററിനറി ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സ്ഥലത്തെത്തി.
ചികിത്സയ്ക്കായി സിയാലിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ പറന്ന് കുട്ടിയാന മായ
