കൊച്ചി: യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫിസുകള്‍ അടച്ചിട്ട് ജീവനക്കാരെ പിരിച്ചുവിട്ടു. മുന്നറിയിപ്പില്ലാതെയുണ്ടായ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഉത്തരവ് കമ്പനി മരവിപ്പിച്ചു.
യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോറോ ഹെല്‍ത്ത് എന്ന സ്ഥാപനത്തിലാണ് കൂട്ടപ്പിരിച്ചുവിടലും സ്ഥാപനം അടക്കലും അരങ്ങേറിയത്. സ്ഥാപനത്തിലെ തൊള്ളായിരത്തോളം ജീവനക്കാരാണ് ഇതോടെ പെരുവഴിയിലായത്.
രാവിലെ ജോലിക്കെത്തിയ തൊഴിലാളികളോട് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്നുമുതല്‍ ജോലിയില്ലെന്ന് പറയുകയായിരുന്നെന്നാണ് ആരോപണം.
റിലീവിങ് ലെറ്റര്‍ വാങ്ങി ഐ ഡി കാര്‍ഡുകള്‍ മടക്കിനല്‍കാനും മൂന്നു മാസത്തെ കോമ്പന്‍സേഷന്‍ നല്‍കാമെന്നുമാണ് കമ്പനി അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി അടച്ചുപൂട്ടാന്‍ കാരണമെന്നാണ് വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ഉമ തോമസ് എം എല്‍ എ, മന്ത്രി സണ്ണി ജോസഫ്, ലേബര്‍ കമ്മിഷണന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി കമ്പനി അധികൃതരുമായി സംസാരിച്ചു.
ചര്‍ച്ചയ്‌ക്കൊടുവില്‍ പിരിച്ചുവിടല്‍ മരവിപ്പിച്ചതായി കമ്പനി അറിയിച്ചു. പരിഹാരം ഉണ്ടാവുന്നതുവരെ ജീവനക്കാര്‍ക്ക് പഴയതുപോലെ ജോലിക്കെത്താമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനി അടച്ചു പൂട്ടുന്നത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമുണ്ടാവൂ എന്ന് അധികൃതര്‍ അറിയിച്ചു.
