കൊച്ചി: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടിയും മഞ്ജു വാര്യരും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുതാരങ്ങളും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. യുവതലമുറയുടെ ശബ്ദത്തിന് പ്രാധാന്യം നൽകണമെന്നും പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ കാത്തുസൂക്ഷിക്കണമെന്നും ഇരുവരും വ്യക്തമാക്കി.
ഈ രാജ്യത്തിന്‍റെ യഥാർഥ സമ്പത്ത് നമ്മുടെ യുവതലമുറയാണെന്നും അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കാനും അവരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും തയ്യാറാകണമെന്നും മെഗാസ്റ്റാർ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ മക്കൾക്ക് ഭയമല്ല, മറിച്ച് പ്രതീക്ഷയാണ് നൽകേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാക്കാനും സ്വപ്നങ്ങൾ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ മഞ്ജു വാര്യർ, ഏത് രാഷ്ട്രീയത്തിനും മുകളിലാണ് മാനുഷികതയുടെ സ്ഥാനമെന്നും യുവതലമുറയുടെ ആശങ്കകൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും പറഞ്ഞു. ഇതിന് പിന്നാലെ നടിക്കെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
കേരളത്തില്‍ കുറേ പിഎസ്‍സി വിദ്യാര്‍ഥികള്‍ മണ്ണ് വാരി തന്നപ്പോള്‍ വായില്‍ പഴം ആയിരുന്നോ', 'വിദ്യാര്‍ത്ഥികള്‍ എന്ന ലേബലില്‍ ഡൽഹിയില്‍ ഒത്തു കൂടിയിട്ടുള്ളത് അക്രമകാരികളും മൂന്നാംകിട രാഷ്ട്രീയ ഗുണ്ടകളുമാണ്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിനറിയാം. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ ഇതിനകത്ത് പെട്ട് അവരുടെ ഭാവി അവതാളത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക', 'ഫണ്ട് ഇപ്പോള്‍ ആണോ ക്രെഡിറ്റ് ആയത്', 'ചേച്ചി ചേച്ചിടെ വിഷയത്തില്‍ ചേച്ചിക്ക് മാനുഷിക പരിഗണന ലഭിച്ചിരുന്നോ. ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി', 'രാജ്യത്തെ ഒറ്റുകൊടുക്കാന്‍ കൂട്ട് നിന്നതിന് തീവ്രവാദികള്‍ എത്ര തന്നു',-എന്നിങ്ങനെ പോകുന്നു കോപ്പി പേസ്റ്റായുള്ള ആക്രമണം.
വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടിയും മഞ്ജു വാര്യരും; പിന്നാലെ സൈബർ ആക്രമണം
