കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് മലയിടംതുരുത്തിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കിടെ ഉയർന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ കണക്കിലെടുക്കാതെ പോലീസും റവന്യു അധികൃതരും നടപടി തുടങ്ങിയതോടെ സ്ഥിതിഗതികൾ രൂക്ഷമായി. ഒരാൾ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. അതിനിടെ പ്രതിഷേധക്കാർ ഇരുന്ന പന്തലിലേക്ക് ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേർക്ക് പരിക്കേറ്റു.
സംഭവം നിയന്ത്രണാതീതമായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് നടപടികൾ നിറുത്തിവയ്ക്കുകയുമായിരുന്നു. സർക്കാർ അധികാരത്തിലേറി മൂന്നാം ദിവസം തന്നെയുണ്ടായ കുടിയൊഴിപ്പിക്കൽ സംഭവവും സംഘർഷവും യു.ഡി.എഫിന് തലവേദനയായിട്ടുണ്ട്. സർക്കാരിനെതിരേ കടുത്ത ആരോപണങ്ങളുമായി സി.പി.എമ്മും മുൻ എം.എൽ.എ പി.വി.ശ്രീനിജനും രംഗത്തെത്തി.
സുപ്രീം കോടതി ഉത്തരവ് പ്രകാരം അഭിഭാഷക കമ്മിഷൻ അഡ്വ.ജയപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടിയൊഴിപ്പിക്കുന്നതിനായി സ്ഥലത്തെത്തിയത്. 150 ഓളമുള്ള പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. എന്നാൽ, കോടതിയുടെ ഉത്തരവാണെങ്കിലും പുനരധിവാസം ഉറപ്പ് നൽകാതെ ഒഴിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധമുയർത്തി. ഇതോടൊപ്പം സി.പി.എമ്മും കൂടി ചേർന്നതോടെ പ്രതിഷേധം രൂക്ഷമായി.
സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 19.30 ഏക്കർ പുറമ്പോക്ക് ഭൂമിയിൽ മലയിടംതുരുത്ത് ഉന്നതി സ്ഥിതിചെയ്യുന്ന 2.65 ഏക്കർ ഭൂമിയെ ചൊല്ലിയാണ് തർക്കം. ഈ ഭൂമി ഒഴിപ്പിച്ചതിനുശേഷം അളന്നുതിരിക്കാനാണ് കോടതി നിർദേശമെന്നാണ് അഭിഭാഷക കമ്മിഷൻ പറയുന്നത്. ഉന്നതിയിലെ 7 പട്ടികജാതി കുടുംബങ്ങളെയും ഒഴിപ്പിക്കാൻ 2023 സെപ്റ്റംബറിൽ അഭിഭാഷക കമ്മീഷൻ എത്തിയിരുന്നെങ്കിലും അന്നും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയിരുന്നു. അതിനുശേഷം പലതവണ ശ്രമിച്ചിരുന്നെങ്കിലും നടക്കാതിരുന്ന ഒഴിപ്പിക്കൽ നടപടികളാണ് വീണ്ടും പൊടിതട്ടിയെടുത്തത്.
ഇതോടെ, പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് 3 ദിവസം മാത്രം ശേഷിക്കേ, റവന്യു, പോലീസ് അധികൃതർ തിടുക്കത്തിലെടുത്ത നടപടി ചോദ്യമുയർത്തിയിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ നടപടി സർക്കാരിനെ അറിയിച്ചിരുന്നോയെന്നും അനുമതി തേടിയിരുന്നോയെന്നുമാണ് ചോദ്യം. സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രി ഇടപെട്ട് നടപടികൾ നിറുത്തിവയ്ക്കാൻ ഡി.ജി.പിയോട് നിർദേശിച്ചെങ്കിലും തുടർ നടപടിയെന്തെന്നും ചോദ്യമുയർന്നിട്ടുണ്ട്.
യു.ഡി.എഫ് സർക്കാരിന് തുടക്കത്തിലേ കല്ലുകടിയായി മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; അടിയന്തരമായി ഇടപെട്ട് ആഭ്യന്തര മന്ത്രി
