തിരുവനന്തപുരം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരുടെ മൃതദേഹങ്ങളാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തി കരയിലെത്തിച്ചത്. ഇരുവരും അടുത്തിടെ അമേരിക്കയിൽനിന്ന് നാട്ടിലെത്തിയവരാണ്.
രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 26ന് വൈകിട്ട് കന്യാകുമാരിയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തിരുന്നു. എന്നാൽ പിറ്റേന്ന് പുറത്തിറങ്ങിയ ഇവർ പിന്നീട് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. യുവതികളുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടാനായില്ലെങ്കിലും കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെ, വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിനിടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവർ കാണാതായ സഹോദരിമാരാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി നാഗർകോവിൽ ആശാരിപ്പള്ള മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
യുഎസിൽ നിന്നെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി
