റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ഥാടകരായ മലപ്പുറം സ്വദേശികളായ അമ്മയും മകളും മരിച്ചു. മലപ്പുറം കുറ്റിപ്പുറം റാങ്ങാട്ടൂര്‍ നടുവട്ടം സ്വദേശി കെ.കെ. പീടിയേക്കല്‍ അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ രഹ്ന (52), മകള്‍ ഡോ. നഹ്‌ല നര്‍മിന്‍ (29) എന്നിവരാണ് മരിച്ചത്.
ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയ കുടുംബം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ത്വാഇഫില്‍ നിന്ന് റിയാദിലേക്കുള്ള എക്‌സ്പ്രസ് ഹൈവേയില്‍, ത്വാഇഫില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള ദലം എന്ന സ്ഥലത്താണ് അപകടം.
റോഡിലൂടെ പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഇവര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂയിസറിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിച്ചതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞു. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ വാഹനം പലതവണ മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തില്‍ അബ്ദുള്‍ ലത്തീഫിനും മറ്റ് രണ്ട് പെണ്‍മക്കള്‍ക്കും ഒരു പേരക്കുട്ടിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പരിക്കുകള്‍ ഗുരുതരമല്ലെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ ദലം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫ് ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയില്‍ മരിച്ചു
