ജോർജിയ: അമേരിക്കയിലെ അറ്റ്ലാന്റിയയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മലയാളിയായ വരനും പൈലറ്റും മരിച്ചു. വധുവിന് പരിക്കേറ്റു. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ.ടി.ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബ ജോർജിന്റെയും മകൻ ഡേവ് ഫിജിയാണ് (26 മരിച്ചത്. പരിക്കേറ്റ തലവടി ചുടുകാട്ടിൽ ജെസ്വിൻ വില്ലയിൽ സ്ം ഉമ്മൻ- ഷീല സാം ദമ്പതികളുടെ മകൾ ജെസ്നി മെട്രോ അറ്റ്ലാന്റയിൽ ചികിത്സയിലാണ്. മരിച്ച ഡേവ് ഫിജി ഡെൽറ്റ എയർലൈൻസിലെ പൈലറ്റാണ്.
ജോർജിയ ഡോസൺ കൗണ്ടിയിൽ അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരൻമാർ റോബിൻസൺ ആർ 66 ഹെലികോപ്റ്ററിൽ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടർ ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപാണ് തകർന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടർന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണർന്നപ്പോൾ വിവരം ഹെൽപ്പ്ലൈനിൽ വിളിച്ചറിയിക്കുകയായിരുന്നു.
രക്ഷാപ്രവർത്തകരെത്തി ജെസ്നിയെ ആശുപത്രിയിലെത്തിച്ചു. ഹെലികോപ്റ്റർ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമായതും മരച്ചില്ലയിൽ തട്ടിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ.ടി.എസ്.ബി.) അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച പകല്‍ സമയത്തായിരുന്നു ഡേവിന്റെയും ജെസ്നിയുടെയും വിവാഹം ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ വിപുലമായി നടന്നത്. ആഘോഷങ്ങള്‍ക്ക് ശേഷം വടക്കന്‍ ജോര്‍ജിയയിലെ വിവാഹവേദിയില്‍നിന്ന് മടങ്ങവെയാണ് വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്. പ്രൊഫഷണല്‍ പൈലറ്റായ ഡേവ് ഫിജി തന്നെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നതെന്ന തരത്തില്‍ ആദ്യ സൂചനകള്‍ വന്നിരുന്നെങ്കിലും, അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.
വീട്ടൂർ എബനേസർ സ്കൂളിൽ അധ്യാപകനായിരുന്ന ഫിജി ജോർജിന്റെ പിതാവിന്റെ കാലത്തുതന്നെ കുടുംബം അമേരിക്കയിൽ താമസം തുടങ്ങിയതാണ്. ഫിജിയും ഫേബയും ബംഗളൂരുവിൽ ബി.ഫാം പഠിച്ചശേഷം അമേരിക്കയിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. മകന്റെ വിവാഹം പ്രമാണിച്ച് ഫിജി ഒരുമാസം മുൻപ് മൂവാറ്റുപുഴിൽ വന്നുപോയിരുന്നു. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് വീട്. ജുവലാണ് ഡേവിന്റെ സഹോദരി.
തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം. രണ്ട് വർഷം മുമ്പ് സാം നാട്ടിൽ വന്ന് മടങ്ങിയിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും വ്യാഴാഴ്ച അറ്റ്ലാന്റയിൽ നടക്കും.
യു.എസിൽ ഹെലികോപ്ടർ തകർന്നു; വിവാഹ ദിനത്തിൽ മലയാളി വരനും പൈലറ്റും മരിച്ചു
