ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; അതൃപ്തിയുമായി മന്ത്രിമാർ

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; അതൃപ്തിയുമായി മന്ത്രിമാർ


തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയ ചീഫ് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. ജില്ലാ കളക്ടർമാരെ മാറ്റിയതും വ്യവസായ വകുപ്പ് ഡയറക്ടറെ മാറ്റിയതും വകുപ്പ് മന്ത്രിമാർ അറിയാതെയാണെന്ന് ആക്ഷേപം. ഇതേത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിമാർ രം​ഗത്തെത്തി. 

ജി.എസ്.ടി കമ്മീഷണറായിരുന്ന പാട്ടീൽ ഭ​ഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായി മാറ്റി, ​ഗതാ​ഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും വാട്ടർ അതോറിറ്റി എം.ഡിയുമായ പി.ബി.നൂഹിനെ പകരം നിയമിച്ചു. ആലപ്പുഴ കളക്ടർ ഇമ്പശേഖറിനെ വാട്ടർ അതോറിറ്റി എം.ഡിയാക്കി. കണ്ണൂർ കളക്ടറായ അരുൺ കെ.വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഈ നിയമനത്തിനെതിരേ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി രം​ഗത്തെത്തിയതോടെയാണ് അഴിച്ചുപണി വിവാദമായത്. ജില്ലാ കളക്ടർമാരെ മാറ്റി നിയമിക്കുന്നതിനു മുമ്പ് കൂടിയാലോചന നടത്താത്തതിൽ റവന്യു മന്ത്രിയും അതൃപ്തി അറിയിച്ചിട്ടുണ്ട്. 

വ്യവസായ വകുപ്പ് ഡയറക്ടറായ പി.വിഷ്ണുരാജ് ആണ് പുതിയ കണ്ണൂർ കളക്ടർ. കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിം​ഗ് പുതിയ എൻ‍ട്രൻസ് കമ്മീഷണറാകും. പാലക്കാട് കളക്ടർ എം.എസ്.മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടറാകും. കോളേജിയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ കെ.സുധീർ ആണ് പുതിയ പാലക്കാട് കളക്ടർ. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണനെ ആരോ​ഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പ്രേം കൃഷ്ണന് പകരം കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ഡയറക്ടർ എ.നിസാമുദ്ദീൻ പത്തനംതിട്ട കളക്ടറാകും. 

കൊല്ലം കളക്ടർ എൻ.ദേവിദാസിനെ കില ഡയറക്ടായി നിയമിച്ചു. വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയായ ആനി ജൂല തോമസാണ് പുതിയ കൊല്ലം കളക്ടർ. ആലപ്പുഴ സബ് കളക്ടർ സമീർ കിഷനെ വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. പുതിയ കളക്ടർമാർ 25ന് അതത് ജില്ലകളിൽ ചുമതലയേൽക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.