പ്രവാസികളെ ചേർത്തുപിടിച്ചാൽ ഇന്ത്യയുടെ വളർച്ച വേഗത്തിലാകും: ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസികളെ ചേർത്തുപിടിച്ചാൽ ഇന്ത്യയുടെ വളർച്ച വേഗത്തിലാകും: ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: ചൈനയെപ്പോലെ ഇന്ത്യയും ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമുള്ള രാജ്യമാണ്. ഇന്ത്യൻ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കാൻ തയ്യാറായാൽ അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായകരമാവും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളസമൂഹത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതിൽ സംസ്ഥാനത്തിനകത്തുള്ളവർക്കൊപ്പം പുറത്തുള്ള മലയാളികൾക്കും വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തെ 'ലോക കേരളം' ആയി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും നവകേരള സൃഷ്ടിയിൽ എല്ലാ കേരളീയരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അകം കേരളവും പുറം കേരളവും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിൽ ലോക കേരള സഭയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. പ്രവാസി മലയാളികൾക്ക് ഭാവി കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ജനാധിപത്യമായി അവതരിപ്പിക്കാനുള്ള വേദിയാണ് ലോക കേരള സഭയെന്നും ആദ്യഘട്ടത്തിലെ വിമർശനങ്ങളും പരിഹാസങ്ങളും ഇപ്പോൾ മാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭയെ അനുകരണീയ മാതൃകയായി കേന്ദ്ര സർക്കാർ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ ചൂണ്ടിക്കാണിച്ചതായും അദ്ദേഹം പറഞ്ഞു.

ചൈനയുടെ അത്ഭുതകരമായ വളർച്ചയിൽ അവിടുത്തെ പ്രവാസി സമൂഹം നിർണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, വിദേശത്തുള്ള ചൈനക്കാരെ തിരിച്ചെത്തിച്ച് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന 'ചുൺഹൂയ്' പോലുള്ള പദ്ധതികൾ കേരളത്തിലും പരിഗണിക്കണമെന്ന് പറഞ്ഞു. പ്രവാസികളുടെ അറിവും വൈദഗ്ദ്ധ്യവും കേരളത്തിന്റെ വികസന ശ്രമങ്ങൾക്ക് വലിയ കരുത്താകുമെന്നും 2027–28 മുതൽ ആരംഭിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ഇത്തരം പ്രവാസി ബന്ധ പദ്ധതികൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രവാസികൾക്കായി നടപ്പാക്കിയ പ്രധാന പദ്ധതികൾ

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ ഉയർന്ന നിർദേശങ്ങളിൽ 28 എണ്ണം തെരഞ്ഞെടുത്തതിൽ 10 എണ്ണം ഇതിനകം നടപ്പാക്കിയതായും 13 എണ്ണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന നടപടികൾ:

പ്രവാസി മിഷൻ സ്ഥാപിച്ചു - തിരിച്ചുവരുന്ന പ്രവാസികളുടെ സാമ്പത്തിക പുനഃസംയോജനം, സംരംഭകത്വം, പുനരധിവാസ പദ്ധതികൾ എന്നിവ ലക്ഷ്യമാക്കി.
നോർക്ക കെയർ - ലോകമെങ്ങുമുള്ള പ്രവാസികൾക്ക് ബാധകമായ രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി.
വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ കൈകാര്യം ചെയ്യാൻ നോർക്ക പോലീസ് സ്റ്റേഷൻ സംവിധാനം.
പഠനാവശ്യങ്ങൾക്കായി സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ പൂർത്തിയാക്കി.
വിദേശ രാജ്യങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു; കാനഡയിൽ നോർക്ക കോഓർഡിനേഷൻ കൗൺസിൽ രൂപീകരിച്ചു.
ഓൺലൈൻ സൗജന്യ മാനസികാരോഗ്യ കൺസൾട്ടേഷൻ** സംവിധാനം.
പ്രവാസി പ്രൊഫഷണലുകൾക്കായി നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്.
നോർക്ക വിമൻ സെൽ രൂപീകരിച്ചു.
എജ്യൂക്കേഷൻ കൺസൾട്ടൻസികളെ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം അവസാന ഘട്ടത്തിലാണെന്നും അറിയിച്ചു.

ആഗോള തലത്തിൽ കുടിയേറ്റ സമൂഹങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികളെ സംരക്ഷിക്കാനും ചേർത്തുപിടിക്കാനും മാതൃരാജ്യങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും നിഷേധിക്കപ്പെടുന്നിടത്ത് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും, നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൃത്യമായ പുനരധിവാസ പദ്ധതികൾ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

നാടുമായുള്ള ബന്ധം ശക്തമാക്കാനും നിക്ഷേപങ്ങളും സംരംഭങ്ങളും വഴി വികസനത്തിൽ പങ്കാളികളാകാനും പ്രവാസികൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രവാസി മിഷൻ മുഖേന എല്ലാ പുനരധിവാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.