ഇത് മരണം വാ തുറന്നിരിക്കുന്ന വഴി... വീണ്ടും വലവിരിച്ച് ലോൺ ആപ്പ് സംഘം; ജാ​ഗ്രത നിർദേശവുമായി കേരള പോലീസ്

ഇത് മരണം വാ തുറന്നിരിക്കുന്ന വഴി... വീണ്ടും വലവിരിച്ച് ലോൺ ആപ്പ് സംഘം; ജാ​ഗ്രത നിർദേശവുമായി കേരള പോലീസ്


തിരുവനന്തപുരം: 2024 ഓ​ഗസ്റ്റിൽ പെരുമ്പാവൂർ വേങ്ങൂരിലുള്ള 31കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തതിന് പിന്നാലെ കേരളം സ്തംഭിച്ച അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. മരണകാരണം ലോൺ ആപ്പുകളുടെ വേട്ട. ഒന്നല്ല, 34 ആപ്പുകളാണ് വീട്ടമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയത്. ഫോട്ടോ മോർഫ് ചെയ്യും, ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത് നാണംകെടുത്തും, ​ഗുണ്ടകളെ വീട്ടിലേക്ക് അയയ്ക്കും എന്ന് തുടങ്ങിയ ഭീഷണി സന്ദേശങ്ങൾ ആയിരക്കണക്കിന്. നൂറ് കണക്കിന് ഫോൺ കോളുകളും. 

ഒരു വായ്പ തീർക്കാൻ മറ്റ് വായ്പയെടുത്ത് കുടുങ്ങിപ്പോയതായിരുന്നു വീട്ടമ്മ. അത്യാവശ്യത്തിന് ലോൺ ആപ്പിൽ നിന്ന് 6500 രൂപയെടുത്തായിരുന്നു തുടക്കം. പ്രോസസിം​ഗ് ഫീസ്, പെനാൽറ്റി തുടങ്ങി ആപ്പുകൾ നിരവധി ചാർജുകൾ നിരത്തി. തിരിച്ചടയ്ക്കാൻ പണമില്ലാത്ത ആളുടെ മുമ്പിൽ പല ആപ്പുകളെ പരിചയപ്പെടുത്തി. അങ്ങനെ 34 ആപ്പുകളിലേക്ക് ചാടിക്കൊടുത്തു. എല്ലാവരുടെയും പിടിയിലായതോടെ ഭീഷണിയും മാനഹാനിയും മറികടക്കാൻ പല ബാങ്കുകളെയും അം​ഗീകൃത പണമിടപാട് സ്ഥാപനങ്ങളെയും സമീപിച്ചു. 60000ൽ അധികം വായ്പയെടുത്ത് അടച്ചിട്ടും മതിയായില്ല. ഭീഷണികൾ കൂടിയതോടെ വീട്ടമ്മ ആത്മഹത്യയിൽ അഭയം തേടി. 

തട്ടിപ്പ് 100 കോടിയും കടന്ന് 

ഇതിന് പിന്നാലെയാണ് അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാ‍ർത്ഥി നിതിൻ രാജിന്‍റെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും കാരണമായെന്ന കണ്ടെത്തൽ പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 100 കോടിയിലേറെയെന്നാണ് പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് 540-ഓളം ലോൺ‌ ആപ്പ് സംഘങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ‘പേപ്പർ വർക്കില്ലാതെ, കാത്തിരിപ്പില്ലാതെ’ ഒരീടുമില്ലാതെ ബാങ്കിങ് നൂലാമാലകളില്ലാതെ ഒരൊറ്റ ക്ലിക്കിൽ പണം അക്കൌണ്ടിലെത്തിക്കുമെന്നാണ് പ്രചരണം. എന്നാൽ വായ്പ എടുത്താലോ വമ്പൻ പലിശ, തിരിച്ചടവ് തെറ്റിയാൽ ഇടതടവില്ലാതെ ഭീഷണി, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ ക്രൂരതകൾ നിരവധി. 

ഒരുവർഷത്തിനുള്ളിൽ 55,000 പരാതികൾ സൈബർ പോലീസിന് കിട്ടി. പരാതികളിലേറെയും ഭീഷണിയെപ്പറ്റിയാണ്. 10,000 മുതൽ 50,000 രൂപ വരെയാണ് വായ്‌പ നൽകുന്നത്. 36 ശതമാനം പലിശ. ഇരകളാകുന്നവരിൽ 31 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരാണ്. തുച്ഛശമ്പളക്കാരും സാമ്പത്തിക ബുദ്ധിമുട്ടുളളവരും. ഇരുപത് ശതമാനം വീട്ടമ്മമാർ. വ്യാപാരികളും ഡ്രൈവർമാരും വിദ്യാർത്ഥികളും വായ്പയെടുത്ത് കെണിയിൽപ്പെടുന്നുണ്ട്. പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് പറയുന്നു. 

ഈ സാഹചര്യത്തിലാണ് ജാ​ഗ്രത നിർദേശവുമായി കേരള പൊലീസ് രം​ഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക്,  ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു. 

ഡൗൺലോഡ് ചെയ്യരുത്, കുടുങ്ങും

ലോണ്‍ ആപ്പുകളുടെ വ്യാജപരസ്യങ്ങള്‍ കണ്ട് സമീപിക്കുന്ന  പൊതുജനങ്ങളെ അംഗീകൃത ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ എ.പി.കെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍  പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയം തന്നെ ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, എസ്.എം.എസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍,ലൊക്കേഷന്‍,സ്റ്റോറേജ്തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അനുമതി തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. 

തുടർന്ന്, വ്യക്തിഗത വിവരങ്ങളടങ്ങിയ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട്, ജോലിസംബന്ധമായ വിവരങ്ങളടങ്ങിയ രേഖകള്‍ എന്നിവ ആപ്പ് വഴി അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ രേഖകള്‍ കൈവശപ്പെടുത്തിയാല്‍ ലോണ്‍ അപ്രൂവ്ഡ് എന്ന വ്യാജസന്ദേശം പ്രദര്‍ശിപ്പിക്കുകയും വിശ്വാസം നേടിയെടുക്കാനായി ചെറിയ തുക അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യുന്നു. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും വായ്പ തുക ലഭിക്കാറില്ല. പ്രോസസിങ് ഫീ, ജി.എസ്.ടി, ഇന്‍ഷുറന്‍സ്, വെരിഫിക്കേഷന്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, അക്കൗണ്ട് ആക്ടിവേഷന്‍ ഫീ തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയാണ് തുടർന്ന് ചെയ്യുക. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന പണം കൈക്കലാക്കിയാല്‍ വീണ്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെടുകയും തട്ടിപ്പുകാര്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നു.

തട്ടിപ്പുകാര്‍ക്ക് ലഭിച്ച ഫോട്ടോ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെടുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടാതെ വ്യാജമായി കൈവശപ്പെടുത്തിയ കെ.വൈ.സി (K.Y.C) രേഖകള്‍ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, സിം കാര്‍ഡുകള്‍ എടുക്കുക, മറ്റ് വായ്പകള്‍ നേടുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നുണ്ട്. തട്ടിപ്പ് നടത്തിക്കഴിഞ്ഞാല്‍ ഇതിനായി ഉപയോഗിച്ച ആപ്പും വെബ്സൈറ്റും ഉപേക്ഷിക്കുകയും ശേഷം മറ്റൊരു പേരില്‍ പുതിയ ആപ്പ് നിര്‍മ്മിച്ച് വീണ്ടും സമാന തട്ടിപ്പുകള്‍ തുടരുകയും ചെയ്യുന്നു.

വിവരങ്ങൾ കൈമാറുന്നത് സൂക്ഷിച്ചുവേണം
 
അംഗീകൃത ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ മാത്രം ഉപയോഗിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ഉള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം ലോണ്‍ എടുക്കുക. എ.പി.കെ (APK)ലിങ്കുകള്‍ വഴി ലഭിക്കുന്ന ആപ്പുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്ന ലോണ്‍ ആപ്പുകള്‍ ഒഴിവാക്കുക. വിവിധ പേരുകളില്‍ മുന്‍കൂര്‍ പണം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുക. ആധാര്‍, പാന്‍, ബാങ്ക് വിവരങ്ങള്‍, ഒ.ടി.പി യു.പി.ഐ പിന്‍, സി.വി.വി തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്. തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടാല്‍ ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കുക. അമിത പലിശയും അസാധാരണ തിരിച്ചടവും സമ്മര്‍ദ്ദവും ചെലുത്തുന്ന ലോണ്‍ ആപ്പുകളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക.

ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കേണ്ടതാണ്.