പോറ്റിയെ കേറ്റിയെ...' ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

പോറ്റിയെ കേറ്റിയെ...' ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി


തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കമ്പനിയായ മെറ്റയ്ക്ക് കത്ത് നല്‍കി. കോടതിയുടെ നിര്‍ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണ രൂപത്തില്‍

ആദരണീയരേ,

കേരള സംസ്ഥാന പൊലീസ് (യൂണിയന്‍ ഓഫ് ഇന്ത്യ) മെറ്റയ്ക്ക് കീഴിലുള്ളവ ഉള്‍പ്പെടെ വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളെ സമീപിച്ച്, 'പോറ്റിയെ കേറ്റിയെ' എന്ന പേരിലുള്ള ഒരു ഗാനവുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി വരുന്ന റിപ്പോര്‍ട്ടുകളിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ ഗാനം കേരളത്തിലെ ശബരിമല ക്ഷേത്രത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ടാണ് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇത് സംബന്ധിച്ച് 'പോറ്റിയെ കേറ്റിയെ' എന്ന ഗാനത്തിന്റെ സൃഷ്ടിയും പ്രചരണവും സംബന്ധിച്ച് തിരുവനന്തപുരം സൈബര്‍ പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതാണ് അറിയുന്നത്.

എന്നാല്‍, ഇതുവരെ ഈ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന യാതൊരു ന്യായവിധിയും, കോടതിയുത്തരവുമോ നിയമപരമായ നിര്‍ദേശമോ നിലവിലില്ലെന്നത് ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യവും വാക് സ്വാതന്ത്ര്യവും വ്യക്തമായും നിയമപരമായി തെളിയിക്കപ്പെട്ട നിയമലംഘനം ഉണ്ടായാല്‍ മാത്രമേ നിയന്ത്രിക്കാനാവൂ എന്ന നിലപാട് ഇന്ത്യന്‍ സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

നിയമത്തിന്റെ ആധിപത്യം നിലനില്‍ക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍, പ്രത്യേകിച്ച് പരിഹാസം (parody), വ്യംഗ്യം (satire) പോലുള്ള കലാപരമായ ആവിഷ്‌കാരങ്ങളെ നിയന്ത്രിക്കുന്ന ഏതൊരു നടപടിയും കര്‍ശനമായ നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം. പരിഹാസവും വ്യംഗ്യവും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് അംഗീകരിക്കപ്പെടുന്നത്; നിയമപരവും ന്യായപരവുമായ മാര്‍ഗങ്ങളിലൂടെ ഏര്‍പ്പെടുത്തുന്ന യുക്തിസഹ നിയന്ത്രണങ്ങള്‍ക്ക് മാത്രമേ അവ വിധേയമാകൂ.

യോഗ്യമായ കോടതിയുത്തരവില്ലാതെ, വെറും ഭരണപരമായോ പൊലീസ് ആവശ്യങ്ങളോ അടിസ്ഥാനമാക്കി ഉള്ളടക്കം നീക്കം ചെയ്യുന്നത് 'prior restraint' എന്ന നിലയില്‍ കണക്കാക്കപ്പെടുകയും, അപകടകരമായ സെന്‍സര്‍ഷിപ്പ് മാതൃകയ്ക്ക് വഴിവെക്കുകയും ചെയ്യാം. ഇത്തരമൊരു നടപടി ഉള്ളടക്കം സൃഷ്ടിച്ചവര്‍ക്കു തിരികെ നേടാനാവാത്ത തരത്തിലുള്ള നഷ്ടം വരുത്തിവയ്ക്കാനും ഇടയാക്കും.

ഇത്തരം സാഹചര്യങ്ങളില്‍, യോഗ്യമായ ഒരു കോടതിയില്‍ നിന്ന് വ്യക്തതയുള്ള ഉത്തരവ് ലഭിക്കുന്നതുവരെ, അല്ലെങ്കില്‍ മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രകാരം സ്വതന്ത്രമായ വിലയിരുത്തലില്‍ ഈ ഉള്ളടക്കം വ്യക്തമായി ലംഘനമാണെന്ന് കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ, പ്രസ്തുത ഗാനവുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യുകയോ ലഭ്യത തടയുകയോ ചെയ്യാതിരിക്കാന്‍ മെറ്റ തയ്യാറാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ആദരപൂര്‍വ്വം,
വി.ഡി സതീശന്‍
പ്രതിപക്ഷ നേതാവ്
കേരളം