തിരുവനന്തപുരം: ഹൈക്കോടതിയിൽ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പുതുതായി നിയമിച്ച സ്‌പെഷൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ രാജി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിഭാഗത്തുള്ള സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന പ്രദീപിനെ ദേവസ്വം സ്‌പെഷൽ പ്ലീഡറായി നിയമിച്ചതാണ് വിവാദമായത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണവിധേയമായ ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് കമ്പനിക്കായി കെ.ബി. പ്രദീപ് ഹാജരായിരുന്നുവെന്നത് പ്രതിപക്ഷം ഉയർത്തിക്കാട്ടി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നാരോപിച്ചും വിമർശനം ശക്തമായി.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായാണ് പ്രത്യേക സർക്കാർ പ്ലീഡർ തസ്തിക സൃഷ്ടിച്ച് പ്രദീപിനെ നിയമിച്ചതെന്ന് സർക്കാർ വിശദീകരിച്ചിരുന്നു. ശബരിമല മേൽശാന്തി കേസിലെ അമിക്കസ് ക്യൂറിയായും കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകളിൽ അഡ്വക്കറ്റ് കമ്മിഷണറായും പ്രവർത്തിച്ച പരിചയമാണ് അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായതെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, നിയമനം വിശ്വാസികൾക്കിടയിൽ സംശയവും ആശങ്കയും സൃഷ്ടിച്ചതിനാലാണ് രാജി ആവശ്യപ്പെട്ടതെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് നിയമനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്വർണക്കൊള്ളക്കേസിൽ ആരോപണവിധേയമായ സ്ഥാപനത്തിനുവേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വത്തിനായി നിയമിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ആരോപിച്ചു. ദേവസ്വം മന്ത്രിയുടെ അറിവില്ലാതെ ഇത്തരമൊരു നിയമനം നടക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.
ബന്ധു നിയമന വിവാദത്തെ തുടർന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജിവച്ചതിനു പിന്നാലെ ദേവസ്വം സ്‌പെഷൽ പ്ലീഡർ നിയമനവും സർക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ്.
വിവാദത്തിനു പിന്നാലെ ദേവസ്വം സ്‌പെഷൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവച്ചു
