തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പിങ്ക് ബസ്.
ആദ്യ സർവീസ് തമ്പാനൂർ മുതൽ ടെക്നോപാർക്ക് വരെ ആയിരിക്കും. വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെ ആണ് സർവീസ് ഉണ്ടാകുക. കെഎസ്ആർടിസിയുടെ ഫാസ്റ്റ് ലിങ്ക് ബസാണിത്, യാത്ര സൗജന്യമല്ലെന്ന് അറിയിപ്പുണ്ട്.
കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങൾ വഴിയാകും ബസ് സർവീസ് നടത്തുക. രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും. രാത്രി പത്തിനും രാവിലെ അഞ്ചിനുമുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 'പ്രതിധ്വനി' എന്ന സംഘടന നൽകിയ നിവേദനവും പരിഗണിച്ചാണ് സർവീസ്.
തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പിങ്ക് സർവീസിനായി നിലവിൽ അനുവദിച്ചിട്ടുള്ളത്. രാത്രി കാലങ്ങളിൽ സാധാരണ ബസുകൾ ഇല്ലാത്തതിനാൽ ഉയർന്ന തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകൾക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും. സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യവും ഇലക്ട്രിക് ബസുകളും പദ്ധതിയുടെ ഭാഗമാക്കാൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി സി.പി ജോൺ അറിയിച്ചു.
സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്; ആദ്യഘട്ടം തലസ്ഥാനത്ത്
