തിരുവനന്തപുരം: കെ.എം. മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രതിവര്‍ഷം 100 രൂപ പാട്ടവാടകയോടെയാണ് ഭൂമി അനുവദിക്കുന്നത്.
ആറ് വര്‍ഷമായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ഈ തീരുമാനം. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കെ.എം. മാണിയുടെ സ്മാരകവും പഠനകേന്ദ്രവും സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. ഇതില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരിലും നേതൃത്വത്തിലും കടുത്ത അമര്‍ഷം രൂപപ്പെട്ടിരുന്നു. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മരണയ്ക്കായി ഉചിതമായ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തത് ചെയര്‍മാന്‍ ജോസ് കെ. മാണിക്കെതിരെയുള്ള വിമര്‍ശനങ്ങളിലേക്കും വഴിതെളിച്ചിരുന്നു.
2020-21 ബജറ്റില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്, കെ.എം. മാണിയുടെ പേരിലുള്ള ഫൗണ്ടേഷനു പാലായില്‍ സ്മാരകമന്ദിരവും പഠനകേന്ദ്രവും സ്ഥാപിക്കാന്‍ 5 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2020 ഫെബ്രുവരി 7ന് ബജറ്റ് അവതരിപ്പിച്ചതിന് ശേഷവും തുടര്‍ന്നു അവതരിപ്പിച്ച ആറു ബജറ്റുകളിലും ഈ പ്രഖ്യാപനം നടപ്പിലാകാതെ ഫയലുകളില്‍ തന്നെ കിടക്കുകയായിരുന്നു.
കെ.എം. മാണിക്ക് കേരളത്തില്‍ വലിയൊരു പിന്തുണയുണ്ടെന്നും, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് രാഷ്ട്രീയ മാന്യതയാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ അന്നത്തെ വിശദീകരണം. ഇപ്പോഴത്തെ മന്ത്രിസഭാ തീരുമാനം, കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തല്‍.
കെ.എം. മാണി പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി; സ്മാരകവാഗ്ദാനം നടപ്പാക്കാന്‍ മന്ത്രിസഭാ നീക്കം
