കൊച്ചി: ഇന്നലെ അന്തരിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് ഔദ്യോഗിക വിടനല്‍കും. മലയാള സിനിമയ്ക്ക് അര്‍ത്ഥവത്തായ ചിരിയും സാമൂഹികബോധവും സമ്മാനിച്ച സൃഷ്ടിപ്രതിഭയ്ക്ക് അവസാനമായി ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാലോകവും സാംസ്‌കാരിക രംഗവും ഒന്നിച്ചെത്തും. സംസ്‌കാര ചടങ്ങുകള്‍ രാവിലെ 10ന് ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
ഇന്നലെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് ശ്രീനിവാസന്‍ വിട പറഞ്ഞത്. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.'ഓടരുതമ്മാവാ ആളറിയാം' ആണ്അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ.
ചലച്ചിത്രരംഗത്തെ വിവിധ ഘട്ടങ്ങളിലായി തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍ എന്ന നിലകളില്‍ ശ്രീനിവാസന്‍ സൃഷ്ടിച്ച അനവധി കഥാപാത്രങ്ങളും കഥകളും മലയാളിയുടെ സാംസ്‌കാരിക സ്മൃതിയില്‍ അമരമായി നിലനില്‍ക്കുന്നു. സാധാരണ മനുഷ്യന്റെ ജീവിതസത്യങ്ങള്‍ ലളിതമായ ഭാഷയിലും ഹൃദയസ്പര്‍ശിയായ ഹാസ്യത്തിലുമൂടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകള്‍ കാലാതീതമായി തുടരുന്നു. മലയാള സിനിമയുടെ സാമൂഹികധാരയ്ക്ക് പുതിയ ദിശകള്‍ തുറന്നുനല്‍കിയ ശ്രീനിവാസന്റെ വേര്‍പാട് ചലച്ചിത്രരംഗത്തിന് തീരാനഷ്ടമായി മാറിയിരിക്കുകയാണ്.
ശ്രീനിവാസന് ഇന്ന് അന്ത്യാഞ്ജലി
