മലപ്പുറം: പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പം മന്നോട്ടുപോകാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക, ഭരണപരമായ വ്യവസ്ഥകൾ അംഗീകരിക്കാമെങ്കിലും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിലും എസ്എസ്ഇആർടി പാഠ്യപദ്ധതിയിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന ലീഗ് മന്ത്രിമാരുടെയും നേതൃത്വത്തിന്റെയും യോഗത്തിലാണ് തീരുമാനം.
മുൻ എൽഡിഎഫ് സർക്കാർ പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചതും അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസഹായം കേരളം കൈപ്പറ്റിയതും കണക്കിലെടുക്കമ്പോൾ, നിലവിലെ സർക്കാരിന് നിയമപരമായി പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നാണ് യോഗത്തിലെ വിലയിരുത്തൽ.
പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് തുടരുന്ന എംഎസ്എഫിനെയും പൊതുസമൂഹത്തെയും ഈ നിയമപരമായ സാഹചര്യം വിശദമായി ബോധ്യപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം. പദ്ധതിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ എസ്എസ്ഇആർടി പാഠ്യപദ്ധതി തന്നെ തുടരുമെന്നും കേന്ദ്ര സിലബസ് നടപ്പാക്കില്ലെന്നും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും യോഗം ആവർത്തിച്ചു.
പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗിനുണ്ടായ അതൃപ്തിയും യോഗം ചർച്ച ചെയ്തു. നിയമനങ്ങളിൽ അവസരം ലഭിക്കാതിരുന്ന യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കൾക്ക് വിവിധ ബോർഡുകളിലും സ്ഥാപനങ്ങളിലും ചുമതലകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് നേതൃത്വം അറിയിച്ചു.
മന്ത്രിമാരും പാർട്ടി സംഘടനയും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ അസംതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംഘടനാ സംവിധാനവുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കണമെന്ന നിർദേശം നൽകിയതായി വ്യക്തമാക്കി.
പാർട്ടി മന്ത്രിമാരുടെ പ്രവർത്തനത്തെച്ചൊല്ലി സംഘടനാതലത്തിൽ ഉയർന്ന പരാതികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു പാണക്കാട്ടെ യോഗം. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് മന്നോടിയായാണ് നിർണായക ചർച്ച നടന്നത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസ് അലി ശിഹാബ് തങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനൊപ്പം; പാഠ്യപദ്ധതിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്
